തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതിയായ രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകള് കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല.
ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവില്‍ ഒഴിവാക്കും. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായ കേന്ദ്രങ്ങൾ പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനും അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി. ഹിയറിങ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളൻ്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങൾക്ക് ഓൺലൈനായി ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും.
അക്ഷയ സെൻററുകൾ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാൻ ഐടി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ട് ദിവസത്തിനകം തന്നെ നിയമനം നടത്തണമെന്നും നിർദ്ദേശിച്ചു. ഇ ആർ ഒ എ ഇ ആർ ഒ, അഡീഷണൽ എ ഇ ആർ ഒ തസ്തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകൾ ഉടനടി നികത്തുകയും, പകരം ആളെ നിയമിക്കുന്ന മുറയ്ക്ക് മാത്രം എൽ പി എ ആർ (വിരമിക്കുന്നതിനു മുമ്പ് ഉള്ള അവധി) അനുവദിക്കുകയും ചെയ്യേണ്ടതാണ്.
Voter list revision

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.