കൊച്ചി:അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ. കുറുപ്പംപടി, പുല്ലുവഴി പ്രദേശത്ത് നടത്തിയ മോഷണങ്ങൾ കേന്ദ്രീകരിച്ച് ഉണ്ടായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ്(45)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജനുവരി പത്തിന് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്.
പുല്ലുവഴി കർത്താവുംപടിയിലെ വീടിൻ്റെ വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും വീട്ടിൽ വില പിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. അതോടെ വെറും കൈയ്യോടെ മടങ്ങാൻ തയ്യാറാകാതെ മോഷ്ടാവ് സിസിടിവി ക്യാമറ മോഷ്ടിച്ചു.
അന്നേ ദിവസം തന്നെ പുല്ലുവഴി ജയകേരളം സ്കൂളിന് സമീപമുള്ള വീട് പൊളിച്ച് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 3 പവൻ തൂക്കം വരുന്ന മോതിരവും മോഷ്ടിച്ചു. മോഷണം നടത്തിയ രണ്ട് വീട്ടിലും ആളുണ്ടായിരുന്നില്ല. പിടികൂടി നടത്തിയ ചോദ്യം ചെയ്യലിൽ 11 മോഷണം നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു.
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചു. ഈ വാഹനത്തിൽ കറങ്ങി നടന്നായിരുന്നു മോഷണങ്ങൾ നടത്തിയിരുന്നത്. മൂവാറ്റുപുഴ, അങ്കമാലി ആലുവ, ചെങ്ങമനാട് നെടുമ്പാശ്ശേരി എറണാകുളം സൗത്ത് എറണാകുളം നോർത്ത് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പൂട്ടി കിടക്കുന്ന ആളില്ലാത്ത വീടുകൾ പൊളിച്ച് അകത്ത് കയറി സ്വർണവും പണവും മോഷണം നടത്തി.
ഗോവയിൽ പോയി ആർഭാട ജീവിതം നയിക്കുന്നതിനും ചൂതുകളിക്കുമാണ് പണം ഉപയോഗിച്ചിരുന്നത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ അന്വേഷണ സംഘം പ്രതിയെ പിടികൂടി. കളവ് നടന്ന് അഞ്ചു ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചു.
Man arrested for burglarizing locked houses.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.