റീൽ ചിത്രീകരണത്തിനിടെ മധ്യപ്രദേശിൽ 50 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നൂർനഗർ സ്വദേശിയായ മധൻ നൂറിയ (25) ആണ് അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മധ്യപ്രദേശിലെ റായ്‌സെൻ ജില്ലയിലാണ് സംഭവം ഉണ്ടായത്.
മൊബൈൽ ഫോണിൽ സൂര്യാസ്തമയ സമയത്ത് റീലുകളും എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനിടെ പാലത്തിൽ നിന്ന് വഴുതി താഴേക്ക് വീണായിരുന്നു അപകടം. വീഴ്ചയിൽ യുവാവിന്റെ നട്ടെല്ല് ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
അബോധാവസ്ഥയിലായിരുന്നു യുവാവിനെ സമീപത്തെ ധാബയിലെ ജീവനക്കാർ ചേർന്ന് ഉടൻ തന്നെ ഉദയ്പുരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. യുവാവ് അപകടസമയത്ത് റീൽ എടുക്കുകയായിരുന്നു എന്ന് ഉദയപുര പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ജയ്‌വന്ത് സിങ് കക്കോഡിയ പറഞ്ഞു.
വീഴ്ചയുടെ ദൃശ്യം ഉൾപ്പെടെ യുവാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.