നിർബന്ധിത ഗർഭഛിദ്രത്തിന് കേസെടുക്കണം, രാഹുലിനെതിരെ പൊലീസിലും ബാലാവകാശ കമീഷനിലും പരാതി #Rahul_mamkootathil
കൊച്ചി: നിർബന്ധിത ഗർഭഛിദ്രം നടത്താൻ സമ്മർദം ചെലുത്തിയതിന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമീഷനിലും പരാതി നൽകിയത്. ഒരു സ്ത്രീയോട് ഗർഭഛിദ്രം നടത്താൻ രാഹുൽ സമ്മർദം ചെലുത്തുന്ന വാർത്ത റിപ്പോർട്ടർ ടി വി പുറത്തുവിട്ടെന്നും, ക്രിമിനൽ കുറ്റമാണ് എംഎൽഎ നടത്തിയതെന്നും പരാതിയിൽ പറയുന്നു. ഗർഭസ്ഥശിശു ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ച് കർശന നിയമനടപടികൾ സ്വീകരിക്കണം. കുഞ്ഞിൻറെ അമ്മയുടെ ജീവിതത്തിനും ആരോഗ്യത്തിനും ഗുരുതര ഭീഷണിയാണ് നേരിടുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നതാണ് ഈ പ്രവൃത്തി. ഇത് ക്രിമിനൽ നിയമപ്രകാരം കുറ്റകരവുമാണ്. സംഭാഷണത്തിലുടനീളം കുഞ്ഞിന്റെ അമ്മയെ ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിക്കുകയാണ്. ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി സമ്മർദം ചെലുത്തുന്നുവെന്നും, അവരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും സംഭാഷണത്തിൽ വ്യക്തമാണ്. ഗുരുതര വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യമാണ് നടന്നത്. ഇക്കാര്യങ്ങളിൽ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും, ഗർഭസ്ഥശിശുവിന്റെ അവകാശം സംരക്ഷിക്കാൻ ബാലാവകാശ കമീഷൻ ഇടപെടണമെന്നും പരാതിയിൽ പറയുന്നു.