ചാലക്കുടി : മലക്കപ്പാറയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലി പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചു. കുട്ടിയെ വലിച്ചിഴക്കുന്നതുകണ്ട് വീട്ടുകാർ ബഹളം വച്ചതോടെ പുലി ഓടി രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ചാലക്കുടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളി പുലർച്ചെ 2.15 മണിയോടെ മലക്കപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീരാൻ കുടി ഉന്നതിയിലാണ് സംഭവമുണ്ടായത്. ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുലി (4 വയസ്) നെയാണ് പുലി തലയിൽ കടിച്ച് പിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. വീട്ടുകാർ ഉടൻ മലക്കപ്പാറ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
ഇൻസ്പെക്ടർ സജീഷ് എച്ച് എൽ, സബ് ഇൻസ്പെക്ടർ താജുദ്ദീൻ, സിപിഒ അഖിൽ, സിപിഒ ബിജു എന്നിവരുടെ നേതൃത്വത്തിൽ പരിക്കേറ്റ കുട്ടിയെ മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.