നൂറനാട് അമ്പിളി കൊലക്കേസ്: പ്രതികളായ ഭർത്താവിനും കാമുകിയ്ക്കും ജീവപര്യന്തം #latest_news

മാവേലിക്കര: ആലപ്പുഴയിലെ നൂറാടിൽ ഭാര്യയെ മർദിച്ച് അബോധാവസ്ഥയിൽ കെട്ടിത്തൂക്കിയ കേസിൽ ഭർത്താവിനും കാമുകിക്കും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും. പത്തനംതിട്ട സീതത്തോട് ചിറ്റാറിലെ പുത്തൻവിളയിൽ പരേതനായ കരുണാകരന്റെയും തങ്കമ്മയുടെയും മകൾ അമ്പിളി (38) കൊല്ലപ്പെട്ട കേസിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ ഒന്നാം പ്രതിയും അമ്പിളിയുടെ ഭർത്താവുമായ പാലമേൽ മട്ടപ്പള്ളി ഉളവുകാട്ട് ആദർശ് ഭവനിൽ സുനിൽ കുമാർ (46), കാമുകിയും രണ്ടാം പ്രതിയുമായ പാലമേൽ മട്ടപ്പള്ളി ഉളവുകാട്ട് ശ്രീരാഗ് ഭവനിൽ ശ്രീലത (53) എന്നിവർക്കാണ് ശിക്ഷ.

2018 മെയ് 27 നാണ് സംഭവം നടന്നത്. ശ്രീലതയോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് സുനിൽ കുമാർ കൊലപാതകം നടത്തിയത്. അമ്പിളിയെ മർദ്ദിച്ച് ബോധരഹിതയാക്കി,  പ്ലാസ്റ്റിക് കയറിൽ കഴുത്തിൽ കുരുക്കിട്ട് കെട്ടിത്തൂക്കുകയായിരുന്നു. ശ്രീലതയുടെ പ്രേരണയിലാണ് സുനിൽ കുമാർ കുറ്റകൃത്യം ചെയ്തതെന്നും അതിനാൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നൂറാട്  സബ് ഇൻസ്പെക്ടർ വി ബിജു രജിസ്റ്റർ ചെയ്ത കേസിൽ മാവേലിക്കര ഇൻസ്പെക്ടർ പി ശ്രീകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0