ഒൻപത് ദിവസത്തെ ജയില്‍വാസം, ഒടുവില്‍ ആശ്വാസം; മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം #LATEST_NEWS
റായ്പൂർ: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് കണ്ണൂർ ആലക്കോട് ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്.
50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടു പോകരുത് എന്നിവയാണ് മറ്റ് ഉപാധികള്‍. ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ മോചിതരാകും.
മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് 9 ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ കഴിയുകയായിരുന്നു.
ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാപേക്ഷയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു.