ഷൈനിയുടെയും മക്കളുടെയും മരണ കാരണം നോബിയുടെ പീഡനം; പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും #ettumanoor_case
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ പോലീസ് ഇന്ന് അന്വേഷണം പൂർത്തിയാക്കി ഭർത്താവ് നോബിക്കെതിരെ കുറ്റപത്രം സമർപ്പിക്കും. ഭർത്താവിൽ നിന്നുള്ള ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ഷൈനിയുടെയും കുട്ടികളുടെയും ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു.
നോബിയുടെ പീഡനത്തെക്കുറിച്ച് ഷൈനിയുടെ ആത്മഹത്യാക്കുറിപ്പ് വിശദീകരിക്കുന്നതായി സൂചന. ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം അനുഭവിച്ചതായി സുഹൃത്തുക്കൾക്ക് അയച്ച ഓഡിയോ സന്ദേശങ്ങളിലും വ്യക്തമാക്കിയിരുന്നു.ഏറ്റുമാനൂർ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ അമ്പതോളം സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുന്നു. ഷൈനിയുടെ മകനും ട്രെയിൻ ഓടിച്ച ലോക്കോപൈലറ്റും ഇതിൽ സാക്ഷികളാണ്. അന്വേഷണ സംഘം 170-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
നോബിയുമായി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങിയതിനുശേഷവും നോബി ഷൈനിയെ നിരന്തരം പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ആത്മഹത്യ ചെയ്ത ദിവസം നോബി ഷൈനിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപുറമെ, സാമ്പത്തിക പ്രശ്നങ്ങളും ഷൈനിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു.
നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കായി ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്ന് ഷൈനി മൂന്ന് ലക്ഷത്തിലധികം രൂപ വായ്പ എടുത്തിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടവ് വൈകി. കുടുംബശ്രീ അംഗങ്ങൾ പണം ആവശ്യപ്പെട്ടപ്പോൾ, ഭർത്താവിൽ നിന്ന് പണം വാങ്ങാൻ ഷൈനി ആവശ്യപ്പെട്ടു, പക്ഷേ നോബിയുടെ കുടുംബം അതിന് തയ്യാറായില്ല.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.