തെരുവുനായകളെ ദയാവധം നടത്താം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി #stray_dog
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ. രോഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താൻ മൃഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമായി. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെയാകണം ദയാവധം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ദയാവധം നടത്താൻ അനുമതി നൽകാനും യോഗം തീരുമാനിച്ചു. കേന്ദ്രചട്ടങ്ങൾ പാലിച്ചാകും ദയാവധം നടത്തുകയെന്നും മന്ത്രിമാരായ എം ബി രാജേഷും ജെ ചിഞ്ചുറാണിയും ഉന്നതതലയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സെപ്തംബറിൽ വളർത്തുനായ്ക്കൾക്ക് വാക്സിനേഷനും ലൈസൻസ് എടുക്കാനുമുള്ള ക്യാമ്പ് നടത്തും. വളർത്തുനായ്ക്കൾക്ക് ഇലക്ട്രോണിക് ചിപ്പും ഘടിപ്പിക്കും. ആഗസ്തിൽ തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷനും നടത്തുമെന്നും മന്ത്രിമാർ അറിയിച്ചു.