നിപ; യുവതിയുടെ നില ഗുരുതരമായി തുടരുന്നു #nipah_virus

 

പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ​ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. വ്യാപനം തടയാനാണ് ലക്ഷ്യമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിൽ 173 പേരാണുള്ളത്. ഇതിൽ 100 പേർ പ്രൈമറി കോണ്ടാക്ട് ആണ്. അതിൽ കുടുംബാം​ഗങ്ങളും ബന്ധുക്കളും ആരോ​ഗ്യപ്രവർത്തകരുമുണ്ട്. അതിൽ തന്നെ 52 പേർ ഹൈ റിസ്ക് കോണ്ടാക്ട് ആണ്. ബാക്കി 73 പേർ സെക്കൻഡറി കോണ്ടാക്ട് ആണ്.

ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം പരിശോധിച്ച അഞ്ച് സാമ്പിളുകൾ നെ​ഗറ്റീവ് ആയിരുന്നു. മറ്റ് നാലുപേരുടെ പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കും. പാലക്കാട് മെഡിക്കൽ കോളേജിലും മഞ്ചേരിയിലുമായി 12 പേർ നിലവിൽ ഐസൊലേഷനിലുണ്ട്. ഇവരെ കൂടാതെ, രോ​ഗിയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാണ്.

മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ 38-കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരെ വിദഗ്ധചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു. ആദ്യ ഡോസ് ആന്റിബോഡി നൽകിയതിന് ശേഷമാണ് രോ​ഗിയെ കോഴിക്കോട്ടേക്ക് മാറ്റിയത്. രണ്ടാം ഡോസ് ആന്റിബോഡി നിലവിൽ രോ​ഗിക്ക് നൽകുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0