പത്തനംതിട്ട: ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്‌ക്കലിൽ ആരോഗ്യവകുപ്പിന്റെ അത്യാധുനിക ആശുപത്രി നിർമാണം ഉടൻ തുടങ്ങും. നിർമാണത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ട് പൂർത്തിയായി. ഈ മണ്ഡല–- മകരവിളക്ക് സീസണുമുമ്പ് നിർമാണം തുടങ്ങാനാണ് തീരുമാനം. 6.12 കോടി ചെലവിൽ 10,700 സ്‌ക്വയർ ഫീറ്റ് മൂന്നുനില കെട്ടിടമാണ് നിർമിക്കുന്നത്. ഇതിനായി അരയേക്കറിലധികം ഭൂമി ദേവസ്വം ബോർഡ് ആരോഗ്യവകുപ്പിന് കൈമാറി. നിലയ്‌ക്കൽ പിഡബ്ല്യുഡി ഓഫീസിന് സമീപത്തായി മാസ്‌റ്റർ പ്ലാനിലുള്ള ലോട്ട് വൺ പാർക്കിങ് ഗ്രൗണ്ടിലാണ് ആശുപത്രി പണിയുക.
സ്ഥലത്തെ മണ്ണ് പരിശോധനയടക്കം പൂർത്തിയായി വിശദറിപ്പോർട്ട് ആരോഗ്യവകുപ്പ് ഭരണാനുമതിയ്‌ക്കായി സംസ്ഥാന ആരോഗ്യകേരളം മിഷൻ ഡയറക്ടർക്ക് സമർപ്പിച്ചു. ജൂലൈയിൽ തന്നെ ഭരണാനുമതി വാങ്ങി ടെൻഡറിലേക്ക് കടക്കും. വാപ്‌കോസാണ് നിർവഹണ ഏജൻസി. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. എട്ട് ബെഡുള്ള ഇന്റൻസീവ് കെയർ യൂണിറ്റും തീർഥാടന കാലയളവിൽ ട്രോമ കെയർ സംവിധാനമടക്കം ആശുപത്രിയിലുണ്ടാകും. സീസണൊഴികെയുള്ള മാസങ്ങളിലും പ്രദേശവാസികൾക്കും ആദിവാസി മേഖലയിലടക്കമുള്ളവർക്കും ആശുപത്രി സഹായമാകും.
നിലയ്ക്കലില്‍ പുതിയ ആശുപത്രി; നിർമാണം ഉടൻ #nilakkal_hospital
By
Open Source Publishing Network
on
ജൂലൈ 19, 2025