സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു #Mumps
By
Editor
on
ജൂലൈ 24, 2025
സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം കണ്ടെത്തിയത് 475 കേസുകൾ. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ മാസം തിരുവനന്തപുരം ജില്ലയിൽ മാത്രം 117 പേർക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വർഷം സംസ്ഥാനത്താകെ ഇരുപതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം കൂടുതൽ ബാധിക്കുന്നത് യുവാക്കൾക്കും വിദ്യാർഥികൾക്കുമാണെന്നാണ് കണ്ടെത്തൽ.
ഒരു വൈറസ് ജന്യ രോഗമാണ് മംസ് അഥവാ മുണ്ടിനീര്. പാരാമിക്സോ വൈറസ് എന്ന വിഭാഗത്തിൽപെട്ട വൈറസാണ് മുണ്ടിനീര് പകർത്തുന്നത്. പനി,കവിൾ തടത്തിലെ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വേദനയും ലക്ഷണങ്ങളും ഉണ്ടാകുമ്പോൾ കൃത്യമായ രോഗനിർണയത്തിനായി ഒരു ഡോക്ടറെ കാണണം. ഗ്രന്ഥിയുടെ വീക്കം മംപ്സ് വൈറസ് മൂലമാകണമെന്നില്ല, മറിച്ച് മറ്റ് വൈറസുകളോ ബാക്ടീരിയകളോ മൂലമാകാം. രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും പനി കുറയ്ക്കുന്നതും വേദന കുറയ്ക്കുന്നതുമായ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരംമാത്രം ഉപയോഗിക്കുക.
രോഗം ബാധിച്ച ഉമിനീർ വഴിയാണ് വൈറസ് എളുപ്പത്തിൽ പടരുന്നത്. രോഗലക്ഷണങ്ങൾ തുടങ്ങുന്നതിന് ഏഴു ദിവസം മുൻപ് മുതൽ മുണ്ടിനീര് തുടങ്ങി ഏഴു ദിവസം കഴിയുന്നതുവരെ രോഗ പകർച്ചയുണ്ടാകാം.