പെൺ ധീരതയ്ക്ക് പിറന്നാൾ: ഇന്ന് മലാല ദിനം #malala_day


താലിബാന്‍ തീവ്രവാദികളുടെ ക്രൂരതയ്ക്ക് മുന്നിൽ പതറാതെ നിന്നവൾ, വെടിയുണ്ട ദേഹം തുളച്ചപ്പോഴും ചങ്കൂറ്റത്തോടെ അതിനെ നേരിട്ട് തിരിച്ചു വന്നവൾ. ഇന്ന് ആ പെങ്കൊടിക്ക് പിറന്നാൾ മധുരം. മലാല യുസഫ് സായി, ലോക ജനത മറക്കാത്ത പേര്.
താലിബാൻ തീവ്രവാദികൾ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിര തന്റെ എഴുത്തിലൂടെ പ്രതികരിച്ചതിന് 2012 ഒക്ടോബർ 9 ന് താലിബാൻ തീവ്രവാദികൾ മലാലയെ തിരഞ്ഞുപിടിച്ചു വെടിവച്ചു. പക്ഷെ, ആർക്കുമുന്നിലും പതറാതെ ആ പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഒരു തോക്കിനും ഭയക്കാതെ അവകാശങ്ങൾക്ക് വേണ്ടി സന്ധിയില്ലാതെ പോരാടിയ ധീരയായ മലാലയുടെ ജന്മദിനമാണിന്ന്. ഇന്നും അക്രമം അവസാനിപ്പിക്കാത്ത താലിബാന്‍റെ ക്രൂരതകളെ അവൾ ചോദ്യം ചെയ്യുകയാണ്. ഇന്ന്  ലോകം അന്താരാഷ്ട്ര മലാല ദിനമായി ആചരിക്കുകയാണ്.

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയ ആ പെൺകുട്ടിയെ ആരും മറക്കില്ല. ആരാണ് മലാല, എന്ന ചോദ്യത്തിൽ നിന്നാണ് അവളുടെ ജീവിതം തന്നെ മാറി മറിഞ്ഞത്. വിദ്യാഭ്യാസം സ്ത്രീ സമൂഹത്തിലേക്ക് കടത്തിവിടുന്ന സ്വതന്ത്രചിന്തകളെയും സമത്വത്തിന്‍റെ വെളിച്ചത്തെയും അവർ അത്രമേൽ ഭയക്കുന്നു എന്ന് മലാല പറഞ്ഞത് അവളുടെ ജീവിതാനുഭവങ്ങ‍‍ളിൽ നിന്നുമാണ്.

2014 ഡിസംബറിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അവർ, ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവായി. ഇതൊരു പുതിയ യാത്രയുടെ തുടക്കമായിരുന്നു. മലാല ഫണ്ടിലൂടെ, പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ഒരു ആഗോള ശൃംഖലയുമായി അവർ പ്രവർത്തിക്കാൻ തുടങ്ങി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0