ഒഞ്ചിയം: സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗവും വടകര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന കുന്നുമ്മക്കര കടത്തലക്കണ്ടിയിൽ കെ കെ കൃഷ്ണൻ (79) അന്തരിച്ചു. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കവെയാണ് മരണം. ജയിലിൽ അസുഖബാധിതനായതിനെ തുടർന്നു ഇക്കഴിഞ്ഞ ജൂൺ 24 മുതൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
വിചാരണ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ട കെ കെ കൃഷ്ണനെ ഹൈകോടതി ജീവപര്യന്തം ശിക്ഷിക്കുകയായിരുന്നു. 2024 ഫ്രെബ്രുവരിയിലാണ് ശിക്ഷ വിധിച്ചത്. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, സിപിഐ എം ഏറാമല ലോക്കൽ കമ്മിറ്റി അംഗം, പുറമേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അച്ഛൻ: പരേതനായ ബാപ്പു. അമ്മ: പരേതയായ കല്യാണി. ഭാര്യ: യശോദ. മക്കൾ: സുസ്മി (ഓഡിറ്റർ സഹകരണ വകുപ്പ് അസി. ഡയറക്ടർ ഓഫീസ് വടകര), സുമേഷ് (അസി. മാനേജർ കെഎസ്എഫ്ഇ വടകര സെക്കൻ്റ് ബ്രാഞ്ച്), സുജീഷ് (സോഫ്റ്റ് വെയർ എഞ്ചിനീയർ). മരുമക്കൾ: മനോജൻ (കേരള ബാങ്ക് നാദാപുരം), രനിഷ, പ്രിയ. സഹോദരങ്ങൾ: മാത, കണാരൻ, പരേതരായ കുഞ്ഞിക്കണ്ണൻ, ചാത്തു, ഗോപാലൻ.