ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്റ് സ്തംഭിച്ചു #latest_news

 
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവച്ചു. ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവച്ചു. കന്യാസ്ത്രീകൾക്കെതിരായ അതിക്രമങ്ങളാണ് പാർലമെന്റിൽ ആദ്യം ഉന്നയിച്ച വിഷയം. ഇതുസംബന്ധിച്ച് രാജ്യസഭയിൽ പ്രതിപക്ഷം നൽകിയ നോട്ടീസ് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ തള്ളി.

ലോക്സഭയിൽ വിഷയം ചർച്ച ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ച് സഭയുടെ നടുവിലേക്ക് വന്നു. സഭയുടെ അന്തസ്സ് കളങ്കം വരുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. സഭാ നിയമങ്ങൾ ലംഘിച്ചുവെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ് സ്പീക്കർ സഭ പിരിച്ചുവിട്ടു. പ്രതിപക്ഷ എംപിമാർ ഇന്ന് പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചിരുന്നു.

മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. സിപിഐ(എം) കോൺഗ്രസ് എംപിമാരാണ് നോട്ടീസ് നൽകിയത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ, ഇത് അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് സഭ പിരിച്ചുവിട്ടു.

പാർലമെന്റ് കവാടത്തിന് മുന്നിൽ  ഇന്ത്യ സഖ്യം പ്രതിഷേധിക്കും. സിപിഐ എം പ്രതിഷേധ പ്രകടനം നടത്തും. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്ക് കത്തയച്ചിട്ടുണ്ട്.കത്തിൽ കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായ കന്യാസ്ത്രീകളായ സി പ്രീതി മേരി, സി വന്ദന ഫ്രാൻസിസ് എന്നിവരെ റിമാൻഡ് ചെയ്തു.ഇവരുടെ ജാമ്യാപേക്ഷ ഇന്ന് അനുവദിക്കില്ലെന്നാണ് വിവരം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0