തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. തൊഴിൽ വകുപ്പ് സെക്രട്ടറിയായിരുന്ന വാസുകി ഐഎഎസിനെ വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. തൊഴിൽ വകുപ്പിന്റെ പുതിയ സെക്രട്ടറിയാണ് എസ് ഷാനവാസ്. നാല് ജില്ലാ കളക്ടർമാർ ഉൾപ്പെടെ 25 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
ഡൽഹിയിലെ റസിഡന്റ് കമ്മീഷണറായിരുന്ന പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പഠന അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജെറോം ജോർജിനെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന ഡോ. എസ് ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും, ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ ഗീതയെ റവന്യൂ വകുപ്പിന്റെ അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറെയും സ്ഥലം മാറ്റി. എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്, ഇടുക്കി കളക്ടർ വി വിഘ്‌നേശ്വരി, പാലക്കാട് കളക്ടർ ജി പ്രിയങ്ക, കോട്ടയം കളക്ടർ ജോൺ വി സാമുവൽ എന്നിവരെ സ്ഥലം മാറ്റി. എറണാകുളം കളക്ടർ എൻഎസ്കെ ഉമേഷ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ്. കെഎഫ്‌സിയുടെ മാനേജിംഗ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
പാലക്കാട് കളക്ടർ ജി. പ്രിയങ്കയെ എറണാകുളം കളക്ടറായി മാറ്റി. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം.എസ്. മാധവിക്കുട്ടിയെ പകരം പാലക്കാട് ജില്ലാ കളക്ടറായി നിയമിച്ചു. ഇടുക്കി കളക്ടർ വി. വിഘ്‌നേശ്വരിയെ കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. പഞ്ചായത്ത് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ടിയെ പകരം ഇടുക്കി കളക്ടറായി നിയമിച്ചു. മുൻ കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറായി നിയമിച്ചു. ന്യൂഡൽഹിയിൽ അഡീഷണൽ റസിഡന്റ് കമ്മീഷണറായിരുന്ന ചേതൻ കുമാർ മീണയാണ് പുതിയ കോട്ടയം കളക്ടർ.
മുൻ ദേവികുളം സബ് കളക്ടർ വി.എം. ജയകൃഷ്ണനെ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പുതിയ എം.ഡി.യായി നിയമിച്ചു. കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്തിനെ തൊഴിലുറപ്പ് പദ്ധതിയുടെ മിഷൻ ഡയറക്ടറായും പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠിയെ ലൈഫ് മിഷന്റെ സിഇഒയായും നിയമിക്കും. മുസ്സൂറിയിലെ രണ്ടാം ഘട്ട പരിശീലനം പൂർത്തിയാക്കിയ ശേഷം, അഞ്ജിത് കുമാറിനെ ഒറ്റപ്പാലം സബ് കളക്ടർമാരായും, അതുൽ സാഗറിനെ മാനന്തവാടി സബ് കളക്ടറായും, ആയുഷ് ഗോയലിനെ കോട്ടയം സബ് കളക്ടറായും, വി.എം. ആര്യയെ ദേവികുളം സബ് കളക്ടറായും, എസ്. ഗൗതംരാജിനെ കോഴിക്കോട് സബ് കളക്ടറായും, ഗ്രന്ഥ സായ്കൃഷ്ണയെ ഫോർട്ട് കൊച്ചി സബ് കളക്ടറായും, സാക്ഷി മോഹനനെ പെരിന്തൽമണ്ണ സബ് കളക്ടറായും നിയമിക്കും.