അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസ് കയറി മരിച്ചു. എൽതുരുത്ത് സ്വദേശി 24 വയസുള്ള ആബേൽ ചാക്കോ പോൾ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കുന്നംകുളത്തേക്ക് പോയിരുന്ന സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ആബേൽ ബസ്സിന് അടിയിലേക്ക് വീഴുകയായിരുന്നു. ആബേൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് വിജിലൻസിനോട് അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപാണ് തൃശൂർ എം.ജി റോഡിൽ സമാന രീതിയിലുള്ള അപകടത്തിൽ പൂങ്കുന്നം സ്വദേശിയായ യുവാവ് ദാരുണമായി മരണപ്പെട്ടത്.