കാസര്‍ഗോഡ് : യൂത്ത് ലീഗ് നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്ത് മുൻ പ്രസിഡന്റ് സാദിഖലി കൂമ്പാറ ആണ് പിടിയിലായത്. കാസർകോട് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 240 ഗ്രാം എംഡിഎംഎയുമായി അബ്ദുൾ ഖാദർ എന്ന ആൾ ഇന്നലെ ബേക്കൽ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സാദിഖലിയിലേക്ക് പൊലീസ് എത്തിയത്. സാദിഖിനെ അന്വേഷിച്ച് പൊലീസ് സംഘം വീട്ടിൽ എത്തിയെങ്കിലും ഇയാൾ കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് കടന്നു. ലക്കിടിയിൽ നിന്നും ബത്തേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ബേക്കൽ പൊലീസിന് കൈമാറുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ , തിരുവനന്തപുരം കല്ലമ്പലത്ത് വന്‍ രാസലഹരി വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയുമായാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടന്നത്.
സംഭവത്തില്‍ വര്‍ക്കല സ്വദേശി സഞ്ജു, വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണന്‍, പ്രമീണ്‍ എന്നിവരാണ് പിടിയിലായത്. മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ ഡോണ്‍ എന്നാണ് സഞ്ജുവിനെ അറിയപ്പെടുന്നത്. ഇയാളുടെ നേതൃത്വത്തില്‍ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി വിദേശത്ത് നിന്ന് വന്ന പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നോവ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനില്‍ ഇവര്‍ എംഡിഎംഎ ഈത്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.