അഹമ്മദാബാദ് വിമാനപകടം; എന്‍ജിന്‍ ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് #Air_crash
By
Editor
on
ജൂലൈ 12, 2025
രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്. ഇതിന് ഇടയാക്കിയത് എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതിനാലാണെന്നും റിപ്പോര്‍ട്ടില്‍ പറയന്നു.
ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നല്‍കന്നതിന്റെയും ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചു.
സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍ പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്‌തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരുമാസമാകുന്ന ദിവസമാണ് ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം സമര്‍പ്പിച്ചത്.
600 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനത്തിന്റെ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന ബോധ്യമായത്. അങ്ങനെ സംഭവിക്കുമ്പോള്‍ എന്‍ജിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ പെട്ടെന്ന് ഓഫാക്കുകയും ഓണാക്കുകയുമാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ വിമാനം 600 അടി ഉയരത്തില്‍ എത്തിയ സമയത്ത് ഈ സ്വിച്ചുകള്‍ കട്ട് ഓഫ് പൊസിഷനില്‍ ആയിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇതാരാണ് ഓഫ് ചെയ്തതെന്ന് പൈലറ്റുമാര്‍ പരസ്പരം ചോദിക്കുന്നത് വിമാനത്തില്‍ നിന്ന് കണ്ടെടുത്ത കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡില്‍ നിന്ന് വ്യകതമായി.
ആരാണ് ഇത് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നതും താനല്ല അത് ചെയ്തതെന്ന് അടുത്ത പൈലറ്റ് മറുപടി നല്‍കുന്നതും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചോദിക്കുന്ന പൈലറ്റും മറുപടി നല്‍കുന്ന പൈലറ്റും ആരൊക്കെയാണ് എന്ന് വ്യക്തമായിട്ടില്ല. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് സഹപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത് എന്ന് വ്യക്തമായി. അപകടത്തില്‍ പെടുന്ന സമയത്ത് വിമാനത്തിലെ റാം എയര്‍ ടര്‍ബൈന്‍ ( RAT) പ്രവര്‍ത്തിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിലെ വൈദ്യുതി, ഹൈഡ്രോളിക് സംവിധാനങ്ങള്‍ നിശ്ചലമാകുന്ന സാഹചര്യത്തിലാണ് RAT പ്രവര്‍ത്തിക്കുക.
ഒരേസമയം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതമായതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
230 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും അപകടത്തില്‍ മരിച്ചു. ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ഇന്ധനമാണ് വിമാനത്തില്‍ അപകട സമയത്തുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന് ഉച്ചയ്ക്ക് 2.09 ന് എടിസിയിലേക്ക് മേയ്‌ഡേ കോള്‍ ലഭിച്ചു. ഇതിന് പിന്നാലെ തിരികെ വിമാനത്തിലെ കോക്പിറ്റുമായി എടിസി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ബന്ധം നഷ്ടപ്പെട്ടു. ഈ സമയത്ത് വിമാനം തകര്‍ന്നുവീണിരുന്നു.