മലയാളത്തിന്റെ വിസ്മയം; ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് 31 വര്‍ഷം #vaikkom_muhammad_basheer

 
ഇന്ന് ജൂലൈ 5. സാഹിത്യത്തെയും ഭാഷയെയും സ്‌നേഹിക്കുന്നവര്‍ക്ക് ഈ ദിനം ഒരിക്കലും മറക്കാന്‍ ആകില്ല. തലമുറകള്‍ വ്യത്യാസമില്ലാതെ ഏവര്‍ക്കും സുപരിചിതനായ വിശ്വ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനമാണ് ഇന്ന്. 

മലയാളിയുടെ നാവിന് തുമ്പില്‍ ഭാഷയുടെ മാധുര്യം ആവോളം എത്തിച്ച, ചിരിയും ചിന്തയും ഒരുമിച്ച് തൂലികയില്‍ ജനിപ്പിച്ച, നഗ്നസത്യങ്ങള്‍ കഥകളിലൂടെ ഉറക്കെപ്പറഞ്ഞ നവോത്ഥാന മാനവികതയ്ക്കും അപ്പുറത്തേക്ക് വളര്‍ന്ന ചരിത്ര പുരുഷനാണ് ബഷീര്‍.

പ്രതിസന്ധികളിലും പ്രത്യാശയുടെ വെളിച്ചം കാത്തുസൂക്ഷിച്ച എഴുത്തുകാരനാണ് ബഷീർ. ''ഈ വെളിച്ചത്തിനെന്ത് വെളിച്ചം'' എന്നെപ്പോഴും പറഞ്ഞു. പേനയിൽ ശുഭാപ്തിവിശ്വാസത്തിന്റെ മഷിനിറച്ച് ജീവിതം ഒരനുഗ്രഹമാണെന്ന് ആവർത്തിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് പ്രതീക്ഷയല്ലാതെ മറ്റൊരു മരുന്നില്ലെന്ന് തിരിച്ചറിഞ്ഞു.

 പകരം വെക്കാനില്ലാത്ത വിശ്വ സാഹിത്യ സൃഷ്ടികള്‍. ബാല്യകാലസഖി, ശബ്ദങ്ങള്‍, പാത്തുമ്മയുടെ ആട്, ഇവയിലെല്ലാം നാം കേട്ടത് പ്രതിബദ്ധതയുള്ള എഴുത്തുകാരന്റെ സത്യ സ്പന്ദനങ്ങള്‍!

തിരിച്ചടികളും കഷ്ടതകളും സമ്മാനിച്ച കയ്‌പേറിയ ജീവിതം, ജയില്‍വാസം, ഇവയെല്ലാം ബഷീറിനേ കഠിനഹൃദയന്‍ ആക്കിയില്ല.സ്‌നേഹത്തിന്റെയും കനിവിന്റെയും നാട്ടു ഭാഷയുടെയും സുല്‍ത്താന്‍ ആയി ഈ വന്മരം നിലകൊണ്ടു. മതിലുകളും ഭാര്‍ഗവിനിലയവും ബാല്യകാല സഖിയും പ്രേമലേഖനവും എല്ലാം വെള്ളിത്തിരയെ സമ്പന്നമാക്കി.വയലാലില്‍ വീട്ടിലെ മാംഗോ സ്‌റ്റൈന്‍ തണലില്‍ ഇരുന്നാണെങ്കിലും, വൈക്കം മുഹമ്മദ് ബഷീര്‍ സൃഷ്ടിച്ചെടുത്തത് വിശ്വ സാഹിത്യത്തിന്റെ മട്ടുപ്പാവിലെ ഇരിപ്പിടം തന്നെ. കഥാ പുരോഹിതന്, മലയാളത്തിന്റെ ദസ്തയോവിസ്‌കിക്ക് സ്മരണാഞ്ജലി.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0