വയനാട്: ഉരുളെടുത്ത പ്രിയപ്പെട്ടവരുടെ ഓർമകൾ ഉറങ്ങുന്ന പുത്തുമലയിലെ പൊതുശ്‌മശാനം ഇനി "ജൂലൈ 30–- ഹൃദയഭൂമി' എന്നറിയപ്പെടും. മേപ്പാടിയിൽ ചേർന്ന സർവകക്ഷി യോഗമാണ് പേരിടാൻ തീരുമാനിച്ചത്.
ദുരന്തമുണ്ടായി മണിക്കൂറുകൾക്കകം ഹാരിസൺ പ്ലാന്റേഷന്റെ 64 സെന്റ് ഏറ്റെടുത്താണ് സംസ്ഥാന സർക്കാർ ശ്‌മശാനം ഒരുക്കിയത്. തിരച്ചിലിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും സർവമത പ്രാർഥനയോടെ ഇവിടെ സംസ്‌കരിച്ചു. പിന്നീട് ഡിഎൻഎ പരിശോധനയിലൂടെയാണ് പലരെയും തിരിച്ചറിഞ്ഞത്.
ശ്‌മശാന ഭൂമിയിൽ ഉരുൾ സ്‌മാരകവും ഗവേഷണകേന്ദ്രവും ഉയരും. സ്‌മാരകത്തിന് സർക്കാർ ആറുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ഗവേഷണകേന്ദ്രമായി സ്‌മാരകം മാറും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്‌മാരകവും പഠനകേന്ദ്രവും നിർമിക്കാനുള്ള പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നുണ്ട്. ദുരന്തനിവാരണ അതോറിറ്റി എൻജിനിയർമാരടങ്ങുന്ന വിദഗ്‌ധ സംഘം സ്ഥലം പരിശോധിച്ചു. മേപ്പാടി പഞ്ചായത്തുമായി ചേർന്നാണ് പദ്ധതി. സ്‌മാരകം യാഥാർഥ്യമാകുന്നതോടെ ഗവേഷകരുടെയും വിദ്യാർഥികളുടെയും പഠനകേന്ദ്രമായി പുത്തുമല മാറും.