പിഎസ്‌സി പരീക്ഷാ സമയം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റണം : സപര്യ #latest_news
പിഎസ്‌സി പരീക്ഷകൾ സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 7:15-ന് നടത്തുന്നതും അത് രാവിലെ 7 മണിയിലേക്ക് മാറ്റാനുള്ള സർക്കാർ നീക്കവും ഉദ്യോഗാർത്ഥികൾക്കും സ്കൂൾ അധ്യാപകരായ ഇൻവിജിലേറ്റർമാർക്കും വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, പരീക്ഷാ സമയം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റി ക്രമീകരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സപര്യ സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.
നിലവിൽ സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ അതിരാവിലെ പരീക്ഷകൾ നടത്തുന്നത് ദൂരയാത്ര ചെയ്യുന്ന ഉദ്യോഗാർത്ഥികളെയും, സ്കൂൾ അധ്യയനം ആരംഭിക്കുന്നതിന് മുൻപ് പരീക്ഷാ ഡ്യൂട്ടിക്ക് എത്തേണ്ടി വരുന്ന അധ്യാപകരെയും ഒരുപോലെ വിഷമത്തിലാക്കുന്നുണ്ട്. രാവിലെ 7 മണിയിലേക്ക് സമയം മാറ്റുന്നത് ഈ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുമെന്നും, ഇത് പരീക്ഷാ നടത്തിപ്പിന്റെ സുഗമമായ ഒഴുക്കിനെ ബാധിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി.
"പുതിയ തീരുമാനം പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെയും അധ്യാപകരുടെയും ദിനചര്യകളെ താളം തെറ്റിക്കുന്നതാണ്. സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ രാവിലെ പരീക്ഷകൾ നടത്തുന്നത് ഒഴിവാക്കി, ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരീക്ഷകൾ ക്രമീകരിക്കുന്നത് എല്ലാവർക്കും ഒരുപോലെ പ്രയോജനകരമാകും. ഇത് ഉദ്യോഗാർത്ഥികൾക്ക് മതിയായ യാത്രാ സമയവും തയ്യാറെടുപ്പിനുള്ള സൗകര്യവും നൽകുകയും, അധ്യാപകർക്ക് സ്കൂൾ അധ്യയനം തടസ്സപ്പെടാതെ പരീക്ഷാ ഡ്യൂട്ടി നിർവഹിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും," സപര്യ സാംസ്കാരിക സമിതിയുടെ രക്ഷാധികാരിയായ ഡോ. ആർ. സി. കരിപ്പത്ത് പറഞ്ഞു.
ഈ വിഷയത്തിൽ യുവജന സംഘടനകളും വിദ്യാർത്ഥി സംഘടനകളും ഉദ്യോഗാർത്ഥികളുടെ പക്ഷത്ത് നിന്ന് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സപര്യ ആവശ്യപ്പെട്ടു.
ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ആനന്ദകൃഷ്ണൻ എടച്ചേരി അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ പെരിയച്ചൂർ പ്രമേയം അവതരിപ്പിച്ചു. പ്രേമചന്ദ്രൻ ചോമ്പാല, ഡോ മുരളീ മോഹനൻ കെ വി, പ്രാപ്പൊയിൽ നാരായണൻ, അനിൽകുമാർ പട്ടേന, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, ടി വി സജിത്ത്, ജയകൃഷ്ണൻ മാടമന, അജിത്ത് പാട്യം, ഉണ്ണികൃഷ്ണൻ അരിക്കത്ത്, രാജാമണി കുഞ്ഞിമംഗലം, ലേഖ കാദംബരി, ദിലീപ് നായർ കുണ്ടാർ എന്നിവർ സംസാരിച്ചു.