ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസിന്റെയും സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെയും എക്‌സ് (നേരത്തെ ട്വിറ്റര്‍) അക്കൗണ്ടുകള്‍ തടഞ്ഞ് ഇന്ത്യ. തുര്‍ക്കിയുടെ ടിആര്‍ടി വേള്‍ഡിന്റെയും എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വലിക്കുണ്ടെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള പീപ്പിള്‍സ് ഡെയ്ലിയുടെ ഇംഗ്ലീഷ് ടാബ്ലോയിഡ് പത്രമാണ് ഗ്ലോബല്‍ ടൈംസ്.
ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് സിന്‍ഹുവ. സൈനിക നടപടിയെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിന് ഗ്ലോബല്‍ ടൈംസിന് ചൈനയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കാനും കൃത്യത ഉറപ്പാക്കാനും എംബസി നിര്‍ദേശിച്ചിരുന്നു.
'പാകിസ്താന്‍ അനുകൂല ഹാന്‍ഡിലുകള്‍ അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഉറവിടങ്ങള്‍ പരിശോധിക്കാതെ മാധ്യമങ്ങള്‍ ഇത്തരം വിവരങ്ങള്‍ പങ്കുവെക്കുന്നത് ഉത്തരവാദിത്തത്തിലും മാധ്യമപ്രവര്‍ത്തന ധാര്‍മ്മികതയിലും വലിയ വീഴ്ചയാണ്' -എംബസിയുടെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതുമുതല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) ഫാക്ട് ചെക്ക് യൂണിറ്റ് തെറ്റായ വിവരങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന നിരവധി ദൃശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി കണ്ടെത്തിയിരുന്നു.