മുൻഅമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. ജോ ബൈഡന്റെ ഓഫീസ് ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. മൂത്രാശയ സംബന്ധമായ രോഗലക്ഷണങ്ങൾ കണ്ടതിനേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും വേഗത്തിൽ പടരുന്ന പ്രോസ്റ്റേറ്റ് കാൻസറാണ് ബാധിച്ചിരിക്കുന്നതെന്നും സ്ഥിരീകരണമുണ്ടായിരുന്നു. അസ്ഥികളിലേക്കും അർബുദം പടർന്നിട്ടുണ്ടെങ്കിലും ഫലപ്രദമായ ചികിത്സ നൽകാമെന്ന പ്രതീക്ഷയുണ്ടെന്നും പ്രസ്താവനയിലുണ്ട്. 2024-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറാൻ നിർബന്ധിതനായി ഒരു വർഷം കഴിയുമ്പോഴാണ് 82-കാരനായ ബൈഡന്റെ കാൻസർ ബാധ സംബന്ധിയായ വിവരം പറത്ത് വരുന്നത്. അമേരിക്കൻ പ്രസിഡന്റ് പദം വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയും ജോ ബൈഡനാണ്. എന്താണ് പ്രോസ്റ്റേറ്റ് കാൻസർ എന്നും രോഗലക്ഷണങ്ങളും ചികിത്സയും എപ്രകാരമാണെന്നും പരിശോധിക്കാം.
പ്രോസ്റ്റേറ്റ് കാൻസർ
പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനൽ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധർമം. മൂത്രനാളി ഈ ഗ്രന്ഥിയുടെ മധ്യഭാഗത്തുകൂടിയാണ് കടന്നു പോകുന്നത്.
പുരുഷന്മാരിൽ കാൻസർ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. വികസിതരാജ്യങ്ങളിൽ, പ്രായമായ പുരുഷൻമാരിൽ സാധാരണയായി കാണുന്ന കാൻസറാണിത്. ഇന്ത്യയിൽ ആണുങ്ങളിലെ ആദ്യത്തെ പ്രധാന നാല് കാൻസറുകളിൽ ഒന്ന്. പുരുഷന്മാരിൽ ഏകദേശം ഏഴിൽ ഒന്ന് എന്ന തോതിൽ പ്രോസ്റ്റേറ്റ് കാൻസർ വരാൻ സാധ്യതയുണ്ട്.
ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാൻസറും 65 വയസ്സ് പിന്നിട്ടവരിലാണ് കാണുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് കാൻസർ സാധ്യതയും കൂടുന്നു. 80 വയസ്സിനു മുകളിലുള്ളവരിൽ മന്ദഗതിയിലുള്ളതും അപകടകരമല്ലാത്തതുമായ, ലക്ഷണങ്ങൾ ഇല്ലാത്ത പ്രോസ്റ്റേറ്റ് കാൻസർ നിരക്ക് വളരെ കൂടുതലാണെന്ന് ചില പഠനങ്ങൾ പറയുന്നു. 40 വയസ്സിനു താഴെ ഈ കാൻസർ അപൂർവമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന കാൻസർ അല്ലാത്ത സാധാരണ വീക്കം ബി.പി.എച്ച്. 50 കഴിഞ്ഞ പുരുഷൻമാരിൽ സാധാരണമാണ്. ഇത് തികച്ചും വ്യത്യസ്ത സ്വഭാവമുള്ള അസുഖമാണ്.
കാരണങ്ങൾ
പ്രോസ്റ്റേറ്റ് കാൻസറിന്റെ കാരണം വ്യക്തമല്ല. പുരുഷ ഹോർമോൺ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെയും അതിലെ കാൻസർ കോശങ്ങളെയും ഉദ്ദീപിപ്പിക്കുന്നു. പ്രായം കൂടുന്നതാണ് ഏറ്റവും വലിയ അപകട ഘടകമായി കരുതുന്നത്. അമിതമായ മാംസാഹാരം-പ്രത്യേകിച്ച് ചുവന്ന മാംസം കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ, പഴങ്ങളുടെയും പച്ചക്കറിയുടെയും വിരളമായ ഉപയോഗം എന്നിവ പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കൂട്ടും. പത്ത് ശതമാനത്തിൽ താഴെ ആളുകളിൽ ചില പാരമ്പര്യ ഘടകങ്ങൾ (ഉദാ: ബി.ആർ.സി.എ. ജീൻ) കാണുന്നു. അച്ഛനോ സഹോദരനോ അടുത്ത ബന്ധുക്കൾക്കോ പ്രോസ്റ്റേറ്റ് കാൻസർ വിന്നിട്ടുണ്ടെങ്കിൽ സാധ്യത കൂടുതലുള്ളതായി കണക്കാക്കും.
ലക്ഷണങ്ങൾ
മന്ദഗതിയിലുള്ളതും അത്ര മാരകവുമല്ലാത്ത ചിലയിനം പ്രോസ്റ്റേറ്റ് കാൻസർ ചിലപ്പോൾ വർഷങ്ങളോളം പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ നിലനിൽക്കാം. ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാൻസറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാൽ തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. നേരെ മറിച്ച് കാൻസർ അല്ലാത്ത ബി.പി.എച്ച്. ഗ്രന്ഥിയുടെ അന്തർഭാഗത്ത് മൂത്രനാളിക്ക് ചുറ്റും വരുന്നതിനാൽ ആരംഭത്തിലേ ലക്ഷണങ്ങൾ കാണിക്കുന്നു. പ്രോസ്റ്റേറ്റ് കാൻസർ മൂർച്ഛിക്കുന്നതനുസരിച്ച് മൂത്ര തടസ്സം, എരിച്ചിൽ, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, രക്തത്തിന്റെ അംശം, നട്ടെല്ലിനും മറ്റ് അസ്ഥികൾക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവർത്തനം തകരാറിലാവുക തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ വന്നേക്കാം.
രോഗ നിർണയം
രോഗലക്ഷണങ്ങൾ വിലയിരുത്തിയ ശേഷം ശാരീരിക പരിശോധന, രക്തപരിശോധന, സ്‌കാനിങ്, ബയോപ്‌സി എന്നിവ ചെയ്യും.
- പി.എസ്.എ. പരിശോധന: പി.എസ്.എ. എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽനിന്നും ഉത്പാദിപ്പിക്കുന്ന ഒരു പ്രോട്ടീനാണ്. രക്തത്തിൽ ഇതിന്റെ അളവ് സാധാരണ 4 നാനോഗ്രാം/മില്ലിലിറ്റർ ആയിരിക്കും. പ്രോസ്റ്റേറ്റ് കാൻസർ രോഗികളിൽ പി.എസ്.എ. കൂടുതലായി കാണുന്നു. എന്നാൽ കാൻസറല്ലാത്ത സാധാരണ മുഴയിലും മൂത്രതടസ്സം, അണുബാധ തുടങ്ങിയ കാരണങ്ങളിലും രക്തത്തിൽ പി.എസ്.എ. അളവ് കൂടാം. അനുയോജ്യമായ ചികിത്സയ്ക്ക് ശേഷം ഇത് പൂർവസ്ഥിതിയിലാകും. വളരെ കൂടിയ തോതിലുള്ള പി.എസ്.എ. (ഉദാ: 10ൽ കൂടുതൽ), പെട്ടെന്നുള്ള പി.എസ്.എ. വർധന എന്നിവ കണ്ടാൽ വിശദ പരിശോധനകൾ നടത്തണം.
- സ്‌കാനിങ്: അൾട്രാസൗണ്ട് സ്‌കാനിങ് മുഖേന പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പവും മുഴയുടെ സവിശേഷതകളും മനസ്സിലാക്കാൻ കഴിയും. വൃക്ക, മൂത്രസഞ്ചി എന്നിവയുടെ പ്രവർത്തനവും വിലയിരുത്താം.
- ബയോപ്‌സി: മരവിപ്പിച്ചതിന് ശേഷം പ്രത്യേകതരം സൂചി ഉപയോഗിച്ച്, മലദ്വാരത്തിലൂടെ നടത്തുന്ന ബയോപ്‌സി പരിശോധന വഴി രോഗം സ്ഥിരീകരിക്കുന്നു. ബയോപ്‌സി റിപ്പോർട്ട് പ്രകാരം രോഗം കാഠിന്യം കൂടിയവ, അല്ലാത്തവ എന്ന് തരം തിരിക്കാം
സ്റ്റേജിങ്
രോഗനിർണയത്തിനുശേഷം, സി.ടി., എം.ആർ.ഐ., ബോൺ സ്‌കാൻ എന്നീ പരിശോധനകൾ നടത്തി രോഗം പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ മാത്രം ഒതുങ്ങിയതാണോ, ചുറ്റുമുള്ള കഴലകളിലേക്കോ മറ്റ് അവയവങ്ങളിലേക്കോ പടർന്നിട്ടുണ്ടോ എന്നു വിലയിരുത്തും. പ്രാരംഭ ദശയിലുള്ള കാൻസർ ഗ്രന്ഥിയിൽ മാത്രം ഒതുങ്ങിയിരിക്കും. രോഗം മൂർച്ഛിക്കുമ്പോൾ കഴലകളിലേക്കോ അസ്ഥികളിലേക്കോ വ്യാപിക്കും.
ചികിത്സ
ചികിത്സ നിർണയിക്കുന്നതിനു മുൻപ്, രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതി, മറ്റ് അനുബന്ധ രോഗങ്ങൾ എന്നിവ വിലയിരുത്തും. പ്രാരംഭദശയിലുള്ളതും ഗ്രന്ഥിയിൽ മാത്രം ഒതുങ്ങിയിരിക്കുന്നതുമായ കാൻസർ സർജറിയിലൂടെ പൂർണമായും സുഖപ്പെടുത്താൻ കഴിയും. ഈ രംഗത്ത് കീഹോൾ സർജറി, റോബോട്ടിക് സർജറി തുടങ്ങിയ ആധുനിക സാങ്കേതിക രീതികൾ വന്നുകഴിഞ്ഞു. ആരംഭദശയിൽത്തന്നെ, ശസ്ത്രക്രിയ സാധ്യമല്ലാത്തവർക്കും ശസ്ത്രക്രിയ വിജയിക്കാത്തവർക്കും റേഡിയേഷൻ ചികിത്സ നടത്തുവാൻ കഴിയും. നൂതന റേഡിയേഷൻ സംവിധാനങ്ങൾ വഴി മികച്ച രീതിയിൽ, പാർശ്വഫലങ്ങൾ കുറച്ചുകൊണ്ട് റേഡിയേഷൻ ചികിത്സ ലഭ്യമാണ്. ശസ്ത്രക്രിയയ്ക്കും റേഡിയേഷനും ശേഷം ഇടവിട്ടുള്ള കാലയളവിൽ തുടർപരിശോധന നടത്തേണ്ടതാണ്.
കൂടിയ സ്റ്റേജിലുള്ള കാൻസർ പ്രധാനമായും ഹോർമോൺ ചികിത്സവഴി സുഖപ്പെടുത്തുവാനോ, തടുത്തുനിർത്തുവാനോ കഴിയും. പുരുഷഹോർമോൺ പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളെ ഉദ്ദീപിപ്പിക്കും. ഹോർമോണുകളുടെ പ്രവർത്തനം തടയുന്നതിനായി ചെറിയ ശസ്ത്രക്രിയയിലൂടെ വൃഷണങ്ങൾ നീക്കം ചെയ്യുകയോ കുത്തിവെപ്പുകൾ നടത്തുകയോ ചെയ്യാം. ഹോർമോൺ തടയാനുള്ള മരുന്നുകളും കഴിക്കേണ്ടതാണ്.
അസുഖം എല്ലുകളിലേക്ക് പടർന്നാൽ ഭവിഷ്യത്തുകൾ തടയാനായി ബിസ്‌ഫോസ്ഫണേറ്റ് ഗ്രൂപ്പിൽപ്പെട്ട മരുന്നുകൾ ഉപയോഗിക്കും. രോഗം കൂടിയ അവസ്ഥയിലെത്തുകയും ഹോർമോൺ ചികിത്സകൊണ്ട് ഫലം കിട്ടാതെ വരികയും ചെയ്യുമ്പോൾ കീമോതെറാപ്പി ചികിത്സ ചെയ്യും. പുതിയ മരുന്നുകളായ ഡോസി ടാക്‌സൽ, കബാസി ടാക്‌സൽ, അബിറാട്ടറോൺ എന്നിവ രോഗം നിയന്ത്രിക്കാനും രോഗ ലക്ഷണങ്ങളിൽനിന്നു മോചനം ലഭിക്കാനും സഹായിക്കും.
നേരത്തെ കണ്ടെത്തലും പ്രതിരോധവും
പ്രായമായവരിൽ പി.എസ്.എ. ടെസ്റ്റും ശാരീരിക പരിശോധനകൾ വഴിയും പ്രോസ്റ്റേറ്റ് കാൻസർ നേരത്തെ കണ്ടെത്താം. 50 വയസ്സിനു മേൽ പ്രായമുള്ളവർ മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായി പി.എസ്.എ. ടെസ്റ്റു ചെയ്യുന്നത് സാധാരണമാണ്. ടെസ്റ്റ് റിസൾട്ടിൽ അസ്വാഭാവികതയുള്ളവർ കൂടുതൽ പരിശോധന നടത്തണം.
കൊഴുപ്പ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതായി കാണുന്നു. അടുത്ത ബന്ധുക്കൾക്ക് അസുഖമുണ്ടായിരുന്നവർക്ക് നേരത്തേയുള്ള പരിശോധനകൾ ഗുണകരമായിരിക്കും.