ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് അതീവ ജാഗ്രതയിലാണെന്ന് ഡിജിപി പറഞ്ഞു. സംസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്താനും യുപി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തർപ്രദേശ് പോലീസ് സജ്ജമാണ്.
ഉത്തർപ്രദേശിന് പുറമെ, ദേശീയ തലസ്ഥാനമായ ഡൽഹിയിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെയും അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരീക്ഷണത്തിലാണ്. ശ്രീനഗർ, ജമ്മു, ധർമ്മശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് വിമാനത്താവളങ്ങൾ അടച്ചു. ഈ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കി.