ബലാത്സംഗക്കേസിലെ പ്രതിയും ഇരയും വിവാഹത്തിന് സമ്മതിച്ചു; സുപ്രീം കോടതിയിൽ പൂക്കൾ കൈമാറി..#latest news

 


വിവാഹവാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ച യുവാവിനെതിരെ ബലത്സംഗ പരാതി നൽകിയ യുവതിക്ക് വിവാഹം കഴിക്കാൻ സുപ്രീം കോടതിയുടെ അനുമതി. പ്രതിക്ക് നേരത്തേ മധ്യപ്രദേശ് സെഷൻസ് കോടതി 10 വർഷത്തെ ശിക്ഷ വിധിച്ചിരുന്നു.

ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും എസ്.സി. ശർമ്മയും അടങ്ങിയ ബെഞ്ചിനു മുന്നിലായിരുന്നു പ്രതിയും ഇരയും വിവാഹത്തിനു സമ്മതിച്ചുകൊണ്ട് പരസ്പരം പൂക്കൾ കൈമാറി. കോടതി തന്നെയാണ് പൂക്കൾ ഏർപ്പാടാക്കിയതെന്ന് മധ്യപ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ അഡ്വ. മൃണാൾ ഗോപാൽ ഏകർ പറഞ്ഞു.

"വിഷയത്തിൻ്റെ വൈകാരികത കണക്കിലെടുത്ത്, കക്ഷികളോടും അവരുടെ മാതാപിതാക്കളോടും ബന്ധപ്പെട്ട അഭിഭാഷകരോടും മധ്യപ്രദേശ് സ്റ്റാൻഡിംഗ് കൗൺസിലിനോടും ഞങ്ങളുടെ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചു. ഉച്ചഭക്ഷണത്തിന് മുമ്പുള്ള സെഷനിൽ അവർ ചേംബറിൽ ഹാജരായി. ഞങ്ങൾ അവരുടെ വാദം കേട്ടു. കക്ഷികൾക്ക് സംസാരിക്കാനും വിവാഹനിശ്ചയം നടത്താനും താൽപ്പര്യമുണ്ടോ എന്ന് കോടതിയെ അറിയിക്കാൻ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണത്തിനു ശേഷമുള്ള സെഷനിൽ, കേസ് വീണ്ടും കോടതി ഹാളിൽ വിളിച്ചു. വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ഹർജിക്കാരനും ഇരയും ഞങ്ങൾക്ക് മുന്നിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.' സുപ്രീം കോടതി പറഞ്ഞു.

വിവാഹത്തിൻ്റെ തീയതിയും മറ്റ് കാര്യങ്ങളും തീരുമാനിക്കാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി വിവാഹം പെട്ടെന്നുതന്നെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു. പ്രതി ജയിലിലേക്കു മടങ്ങിയ ശേഷം സെഷൻസ് കോടതിയിൽ ഹാജരാക്കിയാൽ ജാമ്യം നൽകും.

ഇരുവരും സാമൂഹിക മാധ്യമത്തിലൂടെയാണ് അടുക്കുന്നത്. 2016 മുതൽ 2021 വരെ ഇവർ അടുത്ത ബന്ധം പുലർത്തുകയും ചെയ്തു. വിവാഹവാഗ്ദാനത്തിൽനിന്ന് കാമുകൻ പിന്മാറിയ കാരണം കോടതിയെ സമീപിക്കേണ്ടി വന്നതായി യുവതി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾക്കെതിരെ ബലത്സംഗക്കുറ്റം ചുമത്തിയത്. വിവാഹത്തിന് തയ്യാറാണെന്നു കാണിച്ച് 2024 സെപ്റ്റംബറിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപുർ ബഞ്ചിന് അപേക്ഷ നൽകിയെങ്കിലും നിരസിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0