കരുവാരക്കുണ്ട്: മലപ്പുറം കരുവാരക്കുണ്ട് കണ്ണങ്കൈ ഭാഗത്ത് കടുവയുടെ സാന്നിധ്യം. വനംവകുപ്പ് നടത്തിയ പരിശോധനയില്‍ കേരള എസ്റ്റേറ്റിന്റെ എസ് വളവിലാണ് കടുവയെ കണ്ടെത്തിയത്. ഇതിനെ മയക്കുവെടി വെക്കാനുള്ള ദൗത്യം വനംവകുപ്പ് അധികൃതര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വനംവകുപ്പിന്റെ കൂടുതല്‍ സംഘം പ്രദേശത്തേക്ക് തിരിച്ചു.
കുറച്ചുദിവസം മുന്‍പ് കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ കൊന്നിരുന്നു. കല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലിക്കാണ് (44) ദാരുണാന്ത്യമുണ്ടായത്. സഹതൊഴിലാളി അബ്ദുല്‍സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനുമേല്‍ ചാടിവീണ് കഴുത്തിനുപിന്നില്‍ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചുകൊണ്ടുപോയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ അടയ്ക്കാക്കുണ്ട് റാവുത്തന്‍കാട് മലയിലെ റബ്ബര്‍ത്തോട്ടത്തില്‍ ആയിരുന്നു സംഭവം.