കെപിസിസി പുനഃസംഘടനയിൽ രണ്ട് ഉത്തരവുകളുമായി മുന്നോട്ട് പോകാനാണ് ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുന്നത്. പുതിയ കെപിസിസി പ്രസിഡന്റിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കാനാണ് നീക്കം. കെ സുധാകരനുമായി വീണ്ടും ഹൈക്കമാൻഡ് ആശയവിനിമയം നടത്തും.
പുതിയ കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം ഇനി വൈകിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്തോട് താൽപര്യം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷും ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്. പ്രഖ്യാപനം ഇനിയും വൈകിയാൽ കൂടുതൽ നേതാക്കൾ പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുവയ്ക്കും. ഇത് ചർച്ചകൾ കൂടുതൽ വഷളാക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.
കെ. സുധാകരൻ നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങരുതെന്ന നിലപാടും ഹൈക്കമാൻഡ് സ്വീകരിച്ചിട്ടുണ്ട്. കെ സുധാകരൻ നടത്തുന്ന പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡ് അങ്ങേയറ്റം അതൃപ്തരാണ്. ഡൽഹിയിൽ നടന്ന ചർച്ചകളിൽ സമവായത്തിലെത്തിയ ശേഷം സുധാകരൻ നിലപാട് മാറ്റി എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പരാതി.
കെ സുധാകരനുമായി വീണ്ടും ഹൈക്കമാൻഡ് ആശയവിനിമയം നടത്തും. പുതിയ കെപിസിസി പ്രസിഡന്റ് ആരായിരിക്കണമെന്ന നിർദ്ദേശം തേടും. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം കെസി വേണുഗോപാൽ അന്തിമ ചർച്ചകളിൽ ഏർപ്പെടും. ഇന്ന് വൈകുന്നേരമോ നാളെയോ പ്രഖ്യാപനം ഉണ്ടായേക്കാം. ആന്റോ ആന്റണിയുടെ പേരാണ് മുൻനിരയിൽ. പേരാവൂർ എംഎൽഎ സണ്ണി ജോസഫും സജീവ പരിഗണനയിലാണ്.