മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോൺ നശിപ്പിക്കുന്നതിനിടെ സൈനികന് ജീവൻ നഷ്ടപ്പെട്ടു. ഉദംപൂരിലെ ഒരു സൈനിക താവളത്തിന് കാവൽ നിൽക്കുകയായിരുന്നു സൈനികൻ. പാകിസ്ഥാൻ നടപടിയെ ഇന്ത്യ അപലപിക്കുകയും ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ജമ്മു കശ്മീരിലെ അഖ്‌നൂർ, രജൗരി, ആർഎസ് പുര എന്നിവിടങ്ങളിൽ കനത്ത ഷെല്ലാക്രമണം നടന്നു. നഗ്രോട്ടയിലെ ഒരു സൈനിക താവളത്തിന് നേരെ ഭീകരാക്രമണം നടന്നു. അതിർത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആശയവിനിമയം നടത്തി. പഞ്ചാബിലെ അമൃത്സറിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകി. അതേസമയം, വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് വക്താവ് പറഞ്ഞു. അതിർത്തിയിലെ പാകിസ്ഥാൻ പ്രകോപനങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ഇന്ത്യ നിർദ്ദേശിച്ചതിന് പിന്നാലെയാണ് പ്രതികരണം. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നെങ്കിലും, പാകിസ്ഥാനെതിരായ നടപടികളിൽ നിന്ന് ഇന്ത്യ ഉടൻ പിന്മാറിയില്ല. സിന്ധു ജല കരാറിലെ മരവിപ്പിക്കൽ തുടരും. കർതാർപൂർ ഇടനാഴിയും തുറക്കില്ല.