കൊച്ചി: മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ സംശയം തീരാതെ പോലീസ്. അറസ്റ്റിലായ അമ്മയെ ചോദ്യം ചെയ്തെങ്കിലും എന്തിനാണ് മകളെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിൽ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ഭർതൃവീട്ടിൽ താൻ നിരന്തരം ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായി യുവതി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. മക്കളെ പോലും തന്നിൽനിന്ന് അകറ്റി നിർത്തി. ഇത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞതായാണ് വിവരം.
ഭർത്താവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന വിവരം അറിഞ്ഞു. അങ്ങനെ സംഭവിച്ചാൽ തന്റെ മകൾ എങ്ങനെ ജീവിക്കും എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. എന്നാൽ ഇവരുടെ മൊഴിയിൽ പോലീസിന് ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്.
“ഞാൻ മോളെ പുഴയിലിടാൻ പോയി” എന്നാണ് പോലീസിന്റെ ചോദ്യത്തിന് കഴിഞ്ഞദിവസം യുവതി നൽകിയ മറുപടി. പലവട്ടം ചോദിച്ചപ്പോഴും ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ ഇതു തന്നെയാണ് അവർ ആവർത്തിച്ചു പറഞ്ഞത്. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലുമായി യുവതി സഹകരിച്ചിരുന്നില്ല. ചോദ്യങ്ങൾക്ക് മറുപടി നൽകാതെ തലകുമ്പിട്ടുനിൽക്കുക മാത്രമായിരുന്നു ചെയ്തത്.
അച്ഛന്റെ അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നു കണ്ടെത്തിയ പോലീസിന് പക്ഷേ, ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പീഡന വിവരം സംബന്ധിച്ച ഒന്നും ഇതുവരെ അമ്മ പോലീസിനോട് പറഞ്ഞിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ അമ്മ എന്തിനാകാം കുട്ടിയെ പുഴയിലെറിഞ്ഞതെന്നതാണ് പോലീസിനെ അലട്ടുന്നത്. പോലീസിന് ഇക്കാര്യത്തിൽ അമ്മയിൽനിന്ന് ലഭിക്കുന്ന മൊഴികൾ ഏറെ നിർണായകമാണ്. ഒരു വർഷത്തിലേറെയായി പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കിൽ ഇത്രയുംകാലം അത് അമ്മ അറിഞ്ഞില്ലെന്നത് പോലീസിന് വിശ്വസനീയമല്ല.
കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള അസ്വാരസ്യം മൂലം കുടുംബാന്തരീക്ഷം കുത്തഴിഞ്ഞ നിലയിലായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതി മുതലെടുക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
കുട്ടിയുടെ അമ്മ ഭർതൃപീഡനം നേരിട്ടിരുന്നതായി യുവതിയുടെ അമ്മ പറഞ്ഞിരുന്നു. മകളെ ഭർത്താവ് മർദിക്കുമായിരുന്നുവെന്നാണ് അവരുടെ പരാതി. ഇക്കാര്യങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ അമ്മയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനൊപ്പം പോലീസ് വൈദ്യപരിശോധനയ്ക്കും ഹാജരാക്കും. വെള്ളിയാഴ്ച ഇവരുമായി പുത്തൻകുരിശിലെ ഭർത്താവിന്റെ വീട്, മൂഴിക്കുളത്ത് കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ പാലം, സ്വന്തം വീട് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തും.