വിഴിഞ്ഞം: കഴക്കൂട്ടം കരോട് ബൈപാസിൽ കോട്ടുകാൽ പയറ്റുവിളാകത്തിന് സമീപം വെച്ച് ഒരു മോട്ടോർ സൈക്കിൾ എതിർദിശയിൽ നിന്ന് വന്ന മറ്റൊരു മോട്ടോർ സൈക്കിളിൽ ഇടിച്ച് മറിഞ്ഞ് അപകടത്തിൽ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽപ്പെട്ട മോട്ടോർ സൈക്കിളിന് പിന്നിലിരുന്ന യാത്രക്കാരന്റെ വലതു കാൽ പിൻചക്രത്തിനും ഷോക്ക് അബ്സോർബറിനും ഇടയിൽ കുടുങ്ങി. റൈഡറും ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെ കോട്ടുകാൽ പയറ്റുവിള സർവീസ് റോഡിലാണ് അപകടം. പയറുമൂട് സ്വദേശി ബ്രഹ്മാനന്ദന്റെ കാൽ കുടുങ്ങി. ബൈക്ക് ഓടിച്ചിരുന്ന ചൊവ്വറ സ്വദേശി അജിൽ വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റു.
നാട്ടുകാർ സ്ഥലത്തെത്തി കുടുങ്ങിയ കാൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സമീപത്തുള്ള വർക്ക് ഷോപ്പുകളിൽ നിന്നും സഹായം തേടി. ഒടുവിൽ വിഴിഞ്ഞം ഫയർഫോഴ്‌സിന്റെ സഹായം തേടി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അലി അക്ബർ, ഫയർഫോഴ്‌സ് അംഗങ്ങളായ സന്തോഷ് കുമാർ, അനുരാജ്, ഹരികൃഷ്ണൻ, ബിനു, സാജൻ, വിനോദ് എന്നിവർ എത്തി അരമണിക്കൂറോളം പരിശ്രമിച്ച ശേഷം ഹൈഡ്രോളിക് ഉപകരണങ്ങളുടെ സഹായത്തോടെ ഷോക്ക് അബ്സോർബറുകൾക്കിടയിൽ നിന്ന് കാലുകൾ പുറത്തെടുത്തു. തുടർന്ന് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.