പണിപൂർത്തിയാകാറായ ദേശീയപാത സർവീസ് റോഡിലേക്ക് തകർന്നുവീണു..#latest updates

 



വേങ്ങര: നിർമാണം അവസാനഘട്ടത്തിലെത്തിയ ആറുവരി ദേശീയപാതയുടെ ഒരു ഭാഗം തകർന്നുവീണു. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്കു പോകുന്ന ഭാഗത്ത് കൊളപ്പുറത്തിനും കൂരിയാടിനുമിടയിലാണ് റോഡ്, സർവീസ് റോഡിലേക്കും തൊട്ടടുത്ത വയലിലേക്കുമാണ്‌ തകർന്നുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. റോഡിന്റെ ഭാഗങ്ങൾ സർവീസ് റോഡിലൂടെ സഞ്ചരിച്ച കാറിനുമുകളിലേക്കാണ് വീണത്. കാറിലുണ്ടായിരുന്ന ആറംഗകുടുംബം പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതുവഴിയുള്ള ഗതാഗതവും ഇതോടെ നിലച്ചു.

അൻപതടിയോളം ഉയരത്തിൽ വയലിലൂടെയാണ് ഈ ഭാഗത്ത് ദേശീയപാത കടന്നുപോകുന്നത്. മഴക്കാലത്ത് മുങ്ങുന്ന പ്രദേശമാണിവിടം. കഴിഞ്ഞദിവസംപെയ്ത ശക്തമായ വേനൽമഴയിൽ വെള്ളമിറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു. കാലവർഷം വരാനിരിക്കേ, ദേശീയപാതാ നിർമാണത്തിൽ പരക്കെ ആശങ്കയുണ്ടാക്കുന്നതാണ് ഈ അപകടം.

മഴക്കാലത്ത് കടലുണ്ടിപ്പുഴയിലെ വെള്ളം കൂരിയാട് പാടത്തിന് കുറുകെക്കടന്ന് വീണ്ടും കടലുണ്ടിപ്പുഴയിലെത്തുന്ന നല്ല നീരൊഴുക്കുള്ള ഭാഗമാണിത്. ഇതുപരിഗണിക്കാതെയാണ് നിർമാണം നടത്തിയതെന്ന് നാട്ടുകാർ തുടക്കംമുതലേ ആരോപിച്ചിരുന്നു.

അപകടത്തിൽപ്പെട്ട കുടുംബം കൂരിയാട് ഓഡിറ്റോറിയത്തിലുള്ള ബന്ധുവിന്റെ കല്യാണത്തിന് പോകുകയായിരുന്നു. ദേശീപാതയിൽ പുതുതായി നിർമിച്ച സർവീസ് റോഡിലൂടെ വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ മുൻഭാഗത്തെ റോഡ് വിണ്ടുകീറുന്നതുകണ്ട് വാഹനത്തിന്റെ വേഗംകുറച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇവർക്കു പിന്നിൽ മറ്റ് മൂന്ന് വാഹനമുണ്ടായിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0