പാകിസ്ഥാനെതിരെ തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു, 70 ഭീകരരെ വധിച്ചു.#operation sindhoor

 


 ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി, ഇന്ത്യൻ സേനയുടെ സംയുക്ത ഓപ്പറേഷനായ 'ഓപ്പറേഷൻ സിന്ദൂരിൽ' 70 പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ തിരിച്ചടി. ബുധനാഴ്ച പുലർച്ചെ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ 60 ലധികം ഭീകരർക്ക് പരിക്കേറ്റതായി വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാനിലെ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യയുടെ പ്രതികാര നടപടിയിൽ കൊല്ലപ്പെട്ടവരിൽ ലഷ്കർ നേതാക്കളായ അബ്ദുൾ മാലിക്കും മുദാസിറും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ തിരയുന്ന പ്രധാന ഭീകരരാണ് അബ്ദുൾ മാലിക്കും മുദാസിറും. ലഷ്കർ-ഇ-തൊയ്ബ താവളമായ പാകിസ്ഥാനിലെ മുരിദ്കെയിലെ മർകസ് തയ്ബയിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ഇരുവരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ ആക്രമണം നടത്തിയത്. മെയ് 7 ന് പുലർച്ചെയാണ് വ്യോമസേന, കരസേന, നാവികസേന എന്നിവ സംയുക്തമായി ഓപ്പറേഷൻ നടത്തിയത്. പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയത്. ഇന്ത്യൻ ആക്രമണത്തിൽ ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ പാകിസ്ഥാൻ ഭീകര സംഘടനകളുടെ പ്രധാന താവളങ്ങളെല്ലാം തകർന്നതായി റിപ്പോർട്ടുണ്ട്.

ബഹാവൽപൂരിലെ ജയ്ഷ്-ഇ-മുഹമ്മദ് ആസ്ഥാനമായ 'മർകസ് സുബ്ഹാനല്ല', മുരിദ്കെയിലെ ലഷ്കർ ആസ്ഥാനമായ 'മർകസ് തായിബ', തെഹ്‌റ കലാനിലെ 'സർജൽ' ജെയ്ഷ്-ഇ-മുഹമ്മദ് കേന്ദ്രങ്ങൾ, കോട്‌ലിയിലെ 'മർകസ് അബ്ബാസ്', മുസാഫറാബാദിലെ 'സൈദുന ബിലാൽ ക്യാമ്പ്', ബർണാലയിലെ 'മർകസ് അഹ്‌ലെ ഹദീസ്' ലഷ്‌കർ ക്യാമ്പുകൾ, മുസാഫറാബാദിലെ 'ഷവായ് നല്ല ക്യാമ്പ്', സിയാൽകോട്ടിലെ ഹിസ്ബുൾ മുജാഹിദീൻ ബേസ് 'മെഹ്മുന ജോയ' എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ആക്രമണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0