കൊല്ലത്ത് 108 ആംബുലൻസ് ജീവനക്കാരുടെ സഹായത്തോടെ ആംബുലൻസിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി..#latest news

 


പത്തനാപുരം: ഗര്‍ഭിണിയായ യുവതി ഇരട്ടക്കുട്ടികളില്‍ ഒന്നിന് ജന്മം നല്‍കിയത് ആംബുലന്‍സില്‍. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരു കുഞ്ഞ് പിറന്നതോടെ ആരോഗ്യസ്ഥിതി മോശമായ അമ്മയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചതോടെയാണ് രണ്ടാമത്തെ കുഞ്ഞിനും ജന്മമേകിയത്. 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണമാണ് യുവതിക്കും കുഞ്ഞുങ്ങള്‍ക്കും തുണയായത്.


പത്തനാപുരം മഞ്ചള്ളൂരില്‍ വാടകയ്ക്കു താമസിക്കുന്ന 33-കാരിയാണ് ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ സിജോ രാജ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിത ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് യാത്രയായി.

പിറവന്തൂരില്‍ എത്തിയപ്പോള്‍ യുവതിയുടെ ആരോഗ്യനില വഷളാകുകയും നിത നടത്തിയ പരിശോധനയില്‍ പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. അതോടെ ആംബുലന്‍സില്‍തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ ആദ്യകുഞ്ഞിനു ജന്മം നല്‍കി.

നിത പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് സിജോ രാജ് ആംബുലന്‍സുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രി ലേബര്‍ റൂമില്‍വെച്ചാണ് യുവതി രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞുങ്ങളെയും വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. മൂവരും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0