source:internet
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ ഇന്ത്യയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സിന്ധു നദി പാകിസ്ഥാനുടേതാണ്. ഞങ്ങൾക്ക് വെള്ളം തരൂ അല്ലെങ്കിൽ ഞങ്ങൾ നിങ്ങളുടെ രക്തം ചൊരിയുമെന്ന് ബിലാവൽ ഭൂട്ടോ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വീഴ്ചകൾ മറയ്ക്കാൻ പാകിസ്ഥാനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ബിലാവൽ ആരോപിച്ചു.
അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് നിർണായക വിവരങ്ങൾ ഇന്റലിജൻസിന് ലഭിച്ചതായി ഇന്ത്യ ലോകത്തെ അറിയിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനുള്ള ദൃക്‌സാക്ഷികളിൽ നിന്നുള്ള മൊഴികളും സാങ്കേതിക തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യ അറിയിച്ചു. 13 ലോക നേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിലും 30 അംബാസഡർമാരുമായുള്ള കൂടിക്കാഴ്ചയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിവരം അറിയിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണം നടത്തിയ ഭീകരരുടെയും റെസിസ്റ്റൻസ് ഫ്രണ്ട് സംഘടനയുടെയും ഇലക്ട്രോണിക് ഒപ്പുകൾ പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയതായി ഇന്ത്യ ലോക നേതാക്കളെ അറിയിച്ചു. തീവ്രവാദികൾ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നതായും അവർക്കെതിരെ ദൃക്‌സാക്ഷി വിവരങ്ങളുണ്ടെന്നും ഇന്ത്യ ലോകത്തെ അറിയിച്ചു.