സിനിമാ സെറ്റുകളിൽ മയക്കുമരുന്ന് പരിശോധന വ്യാപിപ്പിക്കും; കമ്മീഷണർ പുട്ട വിമലാദിത്യ

 


 കൊച്ചിയിലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര പരിശോധനയ്ക്ക് പോലീസ് ഒരുങ്ങുകയാണ്. കൊച്ചിയിലെ സിനിമാ സെറ്റുകളിലേക്കും മയക്കുമരുന്ന് പരിശോധന വ്യാപിപ്പിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. മയക്കുമരുന്ന് കേസുകളിൽ സംവിധായകരും നടന്മാരും പ്രതികളായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനായി എക്സൈസ്, എൻസിബി ഉൾപ്പെടെയുള്ള ഏജൻസികളുമായി സഹകരിച്ച് സിനിമാ സെറ്റുകളിൽ സംയുക്ത പരിശോധന നടത്തും.

ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ പരിശോധനാ ഫലം മൂന്ന് മാസം വരെ വൈകും. എത്രയും വേഗം അത് ലഭിക്കാൻ കോടതിയെ സമീപിക്കുക എന്നതാണ് അടുത്ത ഘട്ടം. ഷൈൻ ടോം ചാക്കോയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചുവരികയാണെന്നും നിർണായക വിവരങ്ങൾ ലഭിച്ചാൽ ഷൈനെ വീണ്ടും വിളിക്കുമെന്നും കൊച്ചി ഡിസിപി അശ്വതി ജിജി വ്യക്തമാക്കി.

അതേസമയം, സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും ഉൾപ്പെട്ട മയക്കുമരുന്ന് കേസ് എക്സൈസ് അന്വേഷിക്കും. ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലവിൽ പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ന് കോടതിയിൽ സമർപ്പിക്കും, അതിനുശേഷം നോർത്ത് സിഐ കേസ് ഏറ്റെടുക്കും. ആദ്യ ഘട്ടത്തിൽ ലഹരി ഉപയോഗിച്ച ഫ്ലാറ്റിന്റെ ഉടമയായ സമീര്‍ താഹിറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. ചോദ്യം ചെയ്യലിൽ സമീറിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ തൃപ്തികരമല്ലെങ്കിൽ അയാളെയും കൂട്ടുപ്രതിയാക്കാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0