ട്രാന്‍സ് വ്യക്തികളെ വനിതാ കായിക ഇനങ്ങളിൽനിന്നു പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്#world

വാഷിങ്ടൺ : വീണ്ടും വിവാദ ഉത്തരവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. വനിതകളുടെ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ട്രാൻസ്ജെൻഡർ വിഭാ​ഗത്തിലുൾപ്പെട്ടവരെ ഒഴിവാക്കി. ഇതിനായുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. വനിത കായികതാരങ്ങളുടെ പാരമ്പര്യത്തെ ട്രാൻസ്ജെൻഡർ പെൺകുട്ടികളും സ്ത്രീകളും വനിതകളുടെ കായികഇനങ്ങളിൽ മത്സരിക്കുന്നില്ലെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു. വനിതാ കായിക ഇനങ്ങളിലുള്ള യുദ്ധം അവസാനിച്ചിരിക്കുന്നു, കായിക മത്സരങ്ങൾക്കിടെ പുരുഷൻമാർ വനിതാ അത്‍ലറ്റുകളെ ഉപദ്രവിക്കുന്നത് ഇനി ഞങ്ങൾ നോക്കി നിൽക്കില്ല- ഉത്തരവിൽ ഒപ്പുവച്ച ശേഷം ട്രംപ് പറഞ്ഞു. ട്രാൻസ്ജെൻഡറുകൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുമെന്നും അപമാനിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു. ട്രാൻസ്ജെൻഡർ വിഭാ​ഗത്തിലുൾപ്പെട്ടവരെ പുരുഷൻമാർ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഉത്തരവ് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. പ്രസിഡന്റ് പദവിയിലെത്തുന്നതിനുമുമ്പ് തന്നെ ട്രംപ് ട്രാൻസ്ജെൻഡർ വിഭാ​ഗങ്ങൾക്കെതിരെ രം​ഗത്തെത്തിയിരുന്നു. അമേരിക്കയിൽ ഇനി ആണും പെണ്ണും മാത്രമേയുള്ളൂവെന്ന് അധികാരമേറ്റവേളയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ സൈന്യത്തിൽ ട്രാൻസ്‌ വ്യക്തികളെ പുറത്താക്കാനുള്ള ഉത്തരവിലും ട്രംപ്‌ ഒപ്പുവച്ചിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0