കുറച്ച് നാളുകളായി തുടരുന്ന പുലിപ്പേടി ഒഴിയാതെ മലയോരത്തെ ജനങ്ങൾ.
ചെങ്ങളായി എടക്കുളത്ത് പുലിയിറങ്ങി എന്നത് വനം വകുപ്പ് സ്ഥിരീകരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അരീക്കാ മലയിൽ തൊഴുത്തിൽ കെട്ടിയ മൂന്ന് ആടുകളെ അജ്ഞാത ജീവി കടിച്ച് കൊന്ന സംഭവം ഉണ്ടായത്.
കഴിഞ്ഞ ദിവസം ഏറ്റുപാറയിലും വളക്കൈ എടയന്നൂരിലും നാട്ടുകാർ പുലിയെ കണ്ടതായി പറഞ്ഞതോടെ ഭീതിയിലാണ് മലയോരവാസികൾ.
ഏറ്റുപാറയിലും എടയന്നൂരിലും വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയിട്ടുണ്ട്. ഏറ്റുപാറ സെയ്ന്റ് അൽഫോൺസ പള്ളിയിലെ കപ്യാർ ഷബിനാണ് വെള്ളിയാഴ്ച രാവിലെ 7.30-ന് പുലിയെ കണ്ടതായി പറഞ്ഞത്.
വ്യാഴാഴ്ച വൈകിട്ട് ഏരുവേശ്ശി കോട്ടക്കുന്നിൽ വടക്കേൽ സേവ്യർ എന്നയാളും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. പുലിയെ കണ്ടുവെന്ന് പറയുന്ന പ്രദേശങ്ങൾ ശ്രീകണ്ഠപുരം ഫോറസ്റ്റ് സെക്‌ഷന്റെയും കരാമരം തട്ട് സെക്‌ഷന്റെയും അതിർത്തിയിൽ ഉള്ളതാണ്.
കഴിഞ്ഞ ദിവസം രാത്രി തന്നെ കരാമരം തട്ട് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ രഞ്ജിത്തിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് വരെ പരിശോധിച്ചെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ആവുന്ന യാതൊന്നും കണ്ടെത്താനായില്ല.
പുൽപ്രദേശമായതിനാൽ കാൽപ്പാടുകളും വ്യക്തമായില്ല. അതേസമയം ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. വനം വകുപ്പ് പരിശോധന തുടരുന്നുണ്ട്.
അതിനിടെ വെള്ളിയാഴ്ച പുലർച്ചെ വളക്കൈ ചുഴലി റൂട്ടിൽ എടയന്നൂരിൽ പുലിയെ കണ്ടതായി റബ്ബർ ടാപ്പിങ് തൊഴിലാളി തട്ടേരിയിലെ മോനിച്ചൻ പറഞ്ഞു. മരക്കമ്പ് പൊട്ടി വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ പുലി നടന്ന് പോകുന്നത് കണ്ടുവെന്നാണ് ഇദ്ദേഹം പറഞ്ഞത്.
വിവരമറിഞ്ഞ് ശ്രീകണ്ഠപുരം സെക്‌ഷൻ ഫോറസ്റ്ററും സംഘവും എടയന്നൂരിലും പരിസരങ്ങളിലും എത്തി തിരച്ചിൽ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
പുലിയിറങ്ങിയ ചെങ്ങളായി എടക്കുളത്ത് കൂടും ക്യാമറയും സ്ഥാപിക്കുകയും ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തിട്ടും കണ്ടെത്താനായിട്ടില്ല.