ശബരിമല തീര്‍ഥാടനം: പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണിന് വിലക്ക്... #Sabarimala



ശബരിമല: ശബരിമലയില്‍ പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്. ദേവ പ്രശ്നത്തില്‍ ആചാര ലംഘനം കണ്ടെത്തിയതു കൊണ്ടാണ് നിയന്ത്രണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഇത്തവണ ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. 

പതിനെട്ടാം പടി കയറുന്നതിന് മുമ്ബ് ഭക്തർ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യണമെന്നാണ് ദേവസ്വം ബോർഡിൻ്റെ നിർദേശം. ദർശന സമയത്ത് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന പ്രവണത വർധിക്കുന്നതും നിയന്ത്രണത്തിന് കാരണമായി. കഴിഞ്ഞ വർഷത്തേതു പോലുള്ള തിരക്കും പ്രശ്നങ്ങളും ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകള്‍ ദേവസ്വം വകുപ്പ് പൂർത്തിയാക്കി കഴിഞ്ഞു. 

ഇത്തവണ ആദ്യം മുതല്‍ക്കേ ദർശന സമയം 18 മണിക്കൂറാക്കി. 10,000 പേർക്ക് ഇടത്താവളങ്ങളിലെ കൗണ്ടറുകള്‍ വഴി തത്സമയം ബുക്ക് ചെയ്യാം. 70,000 വെർച്വല്‍ ബുക്കിങ് കൂടി ചേർത്ത് 80,000 പേർക്ക് ദിവസേന ദർശനം അനുവദിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. 

വാഹന പാർക്കിങ് സൗകര്യം വർധിപ്പിച്ച നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ പാർക്ക് ചെയ്യാം. പമ്പയിൽ ചെറിയ വാഹനങ്ങളുടെ പാർക്കിങ്ങും അനുവദിക്കും. 4 നടപ്പന്തല്‍ കൂടി നിർമിച്ചതോടെ പമ്പയിൽ 4,000 പേർക്ക് കൂടി വരിനില്‍ക്കാൻ കഴിയും. ശബരിമലയില്‍ എത്തുന്ന ഭക്തർക്കും ജീവനക്കാർക്കുമായി അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡല മകരവിളക്ക് ദർശനത്തിനായി ഇന്നാണ് ശബരിമല നട തുറക്കുന്നത്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0