റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലുള്ള വയാകോം 18 മീഡിയ ലിമിറ്റഡും ജിയോ സിനിമയും വാൾട്ട് ഡിസ്നി കമ്പനിയുടെ കീഴിലുള്ള ഡിസ്നി സ്റ്റാർ ഇന്ത്യയും തമ്മിലുള്ള ലയനം പൂർത്തിയായി. 70,352 കോടി രൂപയുടെ പുതിയ സംയുക്തകമ്പനിക്കാണ് ഇതോടെ രൂപംനൽകിയിരിക്കുന്നത്. ലയനശേഷമുള്ള സംയുക്തകമ്പനിയെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നിയന്ത്രിക്കും.
റിലയൻസിന് 16.34 ശതമാനവും വയാകോം 18-ന് 46.82 ശതമാനവും ഡിസ്നിക്ക് 36.84 ശതമാനവുമാകും ഇതിലെ പങ്കാളിത്തം. നിതാ മുകേഷ് അംബാനിയാകും സംയുക്തകമ്പനിയുടെ ചെയർപേഴ്സൺ. ബോധി ട്രീ സിസ്റ്റംസ് സഹസ്ഥാപകൻ ഉദയ് ശങ്കർ വൈസ് ചെയർപേഴ്സണാകും. കമ്പനിയുടെ തന്ത്രപ്രധാന മാർഗനിർദേശങ്ങൾ തയ്യാറാക്കുക ഉദയ് ശങ്കറായിരിക്കും.