സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുമോ..?... #Kerala

 


മൂന്നാം മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പതിയെ ഇല്ലാതാകുമോ... കഴിഞ്ഞ വര്‍ഷം 14.3 കോടി ആയിരുന്ന തൊഴിലാളികളുടെ എണ്ണം 13.2 കോടിയായി കുത്തനെ കുറഞ്ഞു. കേരളത്തില്‍ ഈ വര്‍ഷം രണ്ട് ലക്ഷത്തോളം പേരാണ് പദ്ദതിക്ക് പുറത്തായത്. മോദി സര്‍ക്കാറിന്റെ കടുത്ത അവഗണനയാണ് തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കുന്നത്. കഴിഞ്ഞ വര്‍ഷം 14.3 കോടി ആയിരുന്ന സജീവ തൊഴിലാളികളുടെ എണ്ണം ഇക്കുറി 13.2 കോടിയായി കുറഞ്ഞു. കേരളത്തിലും തൊഴിലാളികളുടെ എണ്ണത്തില്‍ ഇടിവുണ്ടായിട്ടുണ്ട്.

 സംസ്ഥാനത്ത് ഈ വര്‍ഷം 1,93,947 പേര്‍ പദ്ധതിക്ക് പുറത്തായപ്പോള്‍ 67,629 പേര്‍ പുതുതായെത്തി. ഇതോടെ ഈ വര്‍ഷം കേരളത്തില്‍ നിന്നുള്ള തൊഴിലാളികളുടെ കുറവ് 1,26,318 ആയി. പദ്ധതിയോടുള്ള ബിജെ പി സര്‍ക്കാരിന്റെ താല്‍പര്യക്കുറവും ഈ വര്‍ഷം ജനുവരി മുതല്‍ ആധാര്‍ അധിഷ്ഠിത വേതന വിതരണ സംവിധാനം കര്‍ശനമാക്കിയതും 6.73 കോടി തൊഴിലാളികള്‍ പദ്ധതിക്ക് പുറത്താകാന്‍ കാരണമായി.

എന്‍ജിനിയറിങ് വിദഗ്ധരും ഗവേഷകരുമടങ്ങിയ ലിബ്‌ടെക് ഇന്ത്യയുടെ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. തൊഴില്‍ കാര്‍ഡുകളുടെ എണ്ണത്തിലും ഈ വര്‍ഷം 5.7% കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊഴില്‍ ദിനങ്ങളില്‍ 16.66 ശതമാനവും ഇടിവുണ്ടായി. തൊഴില്‍ ദിനങ്ങള്‍ ഏറ്റവും കുറവുണ്ടായത് തമിഴ്‌നാട്, ഒഡീഷ സംസ്ഥാനങ്ങളിലാണ്. അതേസമയം ബജറ്റ് വിഹിതത്തിലും തൊഴിലുറപ്പ് പദ്ധതികള്‍ക്ക് കടുത്ത അവഗണന നേരിടുന്നുണ്ട്.

പദ്ധതിക്കായി നീക്കിവെക്കുന്ന തുകയിലും കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തി. നിലവില്‍ വകയിരുത്തിയിട്ടുള്ള തുകയേക്കാള്‍ വലിയ തുകയാണ് പദ്ധതിയുടെ ചിലവായി വരുന്നത്. സമൂഹത്തിലെ താഴെക്കിടയിലുള്ള ജനവിഭാഗങ്ങള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതിയാണ് മോദി സര്‍ക്കാര്‍ ഇല്ലാതാകുന്നത്.
0

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0