കണ്ണൂർ എഡിഎം കെ നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ പൊലീസ് കസ്റ്റഡിയിൽ. ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം ദിവ്യയെ കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്.
സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയതല്ലാതെ കേസിൻ്റെ വിശദാംശങ്ങളൊന്നും ഇന്ന് എടുത്തിട്ടില്ല. നവീൻ ബാബുവിൻ്റെ കുടുംബവും കേസിൽ കക്ഷി ചേരുകയും ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുകയും ചെയ്തു. അതേസമയം, നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് കണ്ണൂർ കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
മറുവശത്ത്, നവീനെതിരായ ദിവ്യയുടെ നടപടി ആസൂത്രിത നീക്കമാണെന്നും ദിവ്യയുടെ ക്രിമിനൽ മനോഭാവം ഈ പ്രവൃത്തി വെളിപ്പെടുത്തുന്നുവെന്നും ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു. പി.പി ദിവ്യ ഉന്നത നേതാവായതിനാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. പ്രതികളെ സാക്ഷികൾ ഭയക്കുന്നു. ദിവ്യക്കെതിരെ നിലവിൽ അഞ്ച് കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്.