ബലാത്സംഗ കൊലപാതക കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ പാസാക്കുന്നതിനായി പശ്ചിമ ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. ജനശ്രദ്ധ തിരിക്കാനുള്ള പാഴ് ശ്രമമാണ് ബില്ലെന്ന് ബിജെപി ആരോപിച്ചു. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ജില്ല മജിസ്റ്റ്ട്രേട്ട് ഓഫീസുകളിലേക്ക് ബിജെപി മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ബലാത്സംഗ കൊലപാതക കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ പാസാക്കുമെന്ന് ആഗസ്റ്റ് 28 ന് മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയുടെ രണ്ടു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ചേരുന്നത്. ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് ജീവപര്യന്തം തടവും, ബലാത്സംഗ- കൊലപാതക കേസുകളിൽ പ്രതികൾക്ക് വധശിക്ഷയും ഉറപ്പാക്കുന്നതാണ് ബില്ല് എന്നാണ് സൂചന. നാളെ നിയമ സഭയിൽ മുഖ്യമന്ത്രി മമതാ ബാനർജി ബില്ല് അവതരിപ്പിക്കും. എന്നാൽ നിയമസഭ പാസാക്കുന്ന ബില്ല് നിലവിലുള്ള നിയമത്തിന് വിരുദ്ധമാണെങ്കിൽ, അംഗീകാരം ലഭിച്ചേക്കില്ല. അങ്ങനെയെങ്കിൽ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ കൂടി ലക്ഷ്യം വെച്ചാണ് മമതാബാനർജിയുടെ നീക്കം.നിലവിലെ പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ബില്ല് കൊണ്ടുവരുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
അതേസമയം, ആർജികർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. മെഡിക്കൽ കോളേജിലെ സ്റ്റാഫ് അംഗങ്ങളുടെയും ഡോക്ടർമാരുടെയും മൊഴി സിബിഐ രേഖപ്പെടുത്തി. എന്നാൽ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ പശ്ചിമ ബംഗാളിൽ കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി നഴ്സിനെതിരെ ലൈംഗികാതിക്രമം നടന്നിരുന്നു. കടുത്ത പനിയെ തുടർന്ന് ഹെൽത്ത് സെൻ്ററിലേക്ക് സ്‌ട്രെച്ചറിൽ കൊണ്ടുവന്നയാൾക്ക് നഴ്‌സ് സലൈൻ ഡ്രിപ്പ് നൽകുന്നതിനിടെയാണ് സംഭവം.
പരിചരിക്കുന്നതിനിടെ രോഗി തന്നെ മോശമായി സ്പർശിച്ചതായി നഴ്‌സ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. രോഗി തന്നെ സ്പർശിക്കുക മാത്രമല്ല, തന്നോട് മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തുവെന്ന് നഴ്സ് പറയുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.