മനുഷ്യനേക്കാൾ ഉയരമുള്ള കൂറ്റൻപാറകൾ, തകർന്നുവീണ കെട്ടിടങ്ങൾ, ചുറ്റും ചെളിയും മണ്ണും. കുതിച്ചെത്തിയ ഉരുൾ ഒരു വലിയ പ്രദേശത്തേക്കുള്ള ആകെയുള്ള സഞ്ചാരമാർഗമായ പാലമുൾപ്പെടെ കവർന്നു. ഇതോടെ ദുരന്തമേഖലയിൽ കുടുങ്ങിയത് നൂറോളം മനുഷ്യർ. മലവെള്ളത്തിൽ ചാലിയാറിലൂടെ കിലോമീറ്ററുകളോളം ഒഴുകിപ്പോയതും നിരവധി പേർ. മണ്ണിനടിയിൽ അകപ്പെട്ടവർ എത്രയെന്നതിൽ ഇനിയും വ്യക്തതയില്ല. രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിലെത്തി നിൽക്കുമ്പോൾ സൈന്യത്തിന്റെ കൈത്താങ്ങിനു മുന്നിൽ കേരളമൊന്നാകെ കൈകൾ കൂപ്പുന്നു.
രാജ്യം കണ്ടതിൽ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ സംഭവിച്ചതെന്ന് സൈന്യത്തിന്റെ കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വിനോദ് മാത്യു മാതൃഭൂമിയോട് പറഞ്ഞു. ഇത്രയും ദൂരത്തിലും വ്യാപ്തിയിലും വലിയ അളവിൽ പ്രദേശങ്ങൾ മണ്ണിനടിയിലാകുന്നത് ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഉത്തരാഖണ്ഡിലടക്കം രക്ഷാപ്രവർത്തനം നടത്തിയിട്ടുള്ള സംഘം, ഇത്രയും വ്യാപ്തിയിൽ മൂന്ന് വലിയ പ്രദേശങ്ങൾ (പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല) പ്രകൃതിദുരന്തത്തിന് ഇരയായതും ഇത്രയും മനുഷ്യർ മരണപ്പെടുന്നതും ആദ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ നിശ്ചയദാർഢ്യത്തോടെ സൈന്യം പതറാതെ മുന്നിൽനിന്ന് നയിച്ചു. ഉരുൾപ്പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തുനിന്ന്, മുമ്പേ ആളുകളെ മാറ്റിപ്പാർപ്പിച്ചെങ്കിലും 20 പേർ അവിടെ കുടുങ്ങിയിരുന്നു. ഇവിടേക്ക് എത്തിചേരുന്നതും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതും ശ്രമകരമായ ദൗത്യമായിരുന്നു. വനത്തിലൂടെയും പുഴയിലൂടെയും ദുർഘടമായ പാതയിലൂടെ സഞ്ചരിച്ചെത്തിയ സൈന്യം ഉയരത്തിൽനിന്ന് സാഹസികമായി ഇറങ്ങിയാണ് 19 പേരെയും രക്ഷപ്പെടുത്തിയത്.
സൈന്യത്തിന്റെ രക്ഷാകരമെത്തിയതോടെയാണ്, സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനും കഴിഞ്ഞത്. താത്കാലിക പാലം നിർമ്മിച്ച് മുണ്ടക്കൈയുമായുള്ള ബന്ധം വീണ്ടെടുത്തതോടെ മേഖലയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ സാധിച്ചു. പരിമിതികൾക്ക് നടുവിൽ സാധ്യമായ എല്ലാ പ്രവർത്തനങ്ങളിലൂടെയും ദുരന്തഭൂമി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൈന്യം. ബെയ്‌ലി പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാനാകും. രാത്രി വൈകിയും നിർമാണവുമായി മുന്നോട്ടുപോയതിനാലാണ് പാലം നിർമാണം അതിവേഗത്തിൽ പൂർത്തീകരിക്കാനായത്.
ദുരന്തമുണ്ടായി ആദ്യദിനം മുതൽ മേഖലയിൽ രക്ഷാപ്രവർത്തനവുമായി സജീവമാണ് സൈന്യം. അഞ്ഞൂറോളം സൈനികർ വിവിധ മേഖലകളിലായി ദുരിതബാധിത മേഖലയിലുണ്ട്. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡി.എസ്.സി.) സെൻ്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും ഇവിടെയുണ്ട്. രക്ഷാപ്രവർത്തനം അവസാനിക്കുന്നതുവരെ സൈന്യം തുടരും. പുതിയ പാലം നിർമ്മിക്കുന്നതുവരെ ബെയ്‌ലി പാലം നിലനിർത്താനാണ് സൈന്യത്തിന്റെ തീരുമാനമെന്നും മേജർ ജനറൽ വിനോദ് മാത്യു വ്യക്തമാക്കി. കൂടുതൽ സൈനികർ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
വീടുകൾ കാണാനില്ല, മണ്ണിടിയാനുള്ള സാധ്യത, കനത്ത മഴ. രക്ഷാപ്രവർത്തനം ദുർഘടമായിരുന്നുവെന്ന് സൈനികർ പറയുന്നു. പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ രക്ഷാമാർഗങ്ങൾ കണ്ടെത്തി മേജർ ജനറൽ വിനോദ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തനം ഊർജ്ജിതമാക്കി. ആദ്യദിനം മുതൽ മേഖലയിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ അദ്ദേഹം ഏകോപിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന്റെ അവസാനദിനം വരെയും സൈന്യം മേഖലയിൽ തുടരുമെന്നത് വലിയ ആശ്വാസമാണ് പകരുന്നത്.