രണ്ടുവർഷത്തിനിടെ വീണ്ടും ഒരേ രോഗത്തിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. 116-ഓളം രാജ്യങ്ങളിൽ എംപോക്സ്(മുമ്പത്തെ മങ്കിപോക്സ്) തീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ബുധനാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇത്തരം വ്യാപനങ്ങളെ പ്രതിരോധിക്കാനും മരണങ്ങൾ തടയാനും അന്താരാഷ്ട്രതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു. എല്ലാവരേയും ആശങ്കപ്പെടുത്തുന്ന വ്യാപനമാണിത്. ആഫ്രിക്കയ്ക്കുമപ്പുറം രോഗം തീവ്രമായി വ്യാപിക്കുന്നുവെന്നത് വളരെയധികം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
മുമ്പത്തെ എംപോക്സ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇക്കുറി പ്രത്യക്ഷമാകുന്നതെന്നും വിദഗ്ധർ പറയുന്നുണ്ട്. നേരത്തേ നെഞ്ചിലും കൈകാലുകളിലും കുമിളകളായിരുന്നു പ്രധാനലക്ഷണമെങ്കിൽ ഇപ്പോഴത്തേത് നേരിയതോതിൽ ജനനേന്ദ്രിയ ഭാഗത്ത് കുമിളകൾ വരുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ രോഗം തിരിച്ചറിയാൻ വൈകുന്നുവെന്നും വിദഗ്ധർ കണക്കാക്കുന്നു.
2022 മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും മങ്കിപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർധനയുണ്ട്.
ആഫ്രിക്കയിലെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം പബ്ലിക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യങ്ങളിലേക്കും രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണിത്. ആഫ്രിക്കയിൽ മാത്രം 15,000 മങ്കിപോക്സ് രോഗികളും 461 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഈ സമയത്തേത് അപേക്ഷിച്ച് 160ശതമാനമാണ് വർധന.
2009 മുതൽ ഇതുവരെ ഏഴുതവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. H1N1 പന്നിപ്പനി, പോളിയോവൈറസ്, സിക വൈറസ്, എബോള, കോവിഡ്, എംപോക്സ് എന്നിവയ്ക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിൽ അവസാനമായി 2022-ൽ പ്രഖ്യാപിച്ചതും എംപോക്സിന് എതിരെയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയെന്നാൽ ലോകാരോഗ്യസംഘടനയുടെ ഏറ്റവുംവലിയ ജാഗ്രതാനിർദേശങ്ങളിലൊന്നാണ്.
ദശകങ്ങളായി കോംഗോയിൽ എംപോക്സ് വ്യാപനമുണ്ട്. എന്നൽ ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾമാത്രം കഴിഞ്ഞവർഷം മൊത്തത്തിൽ ഉണ്ടായതിനേക്കാൾ കൂടുതലാണ്.
മങ്കിപോക്സ് എന്ന പേരിനുപിന്നിലെ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങൾ വന്നതോടെയാണ് ലോകാരോഗ്യസംഘടന പേരുമാറ്റാൻ തീരുമാനിച്ചത്.