ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ത്? സാംസ്‌കാരിക വകുപ്പിനോട് വിവരാവകാശ കമ്മീഷണര്‍... #Hema_Committee

 


മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സാംസ്‌കാരിക വകുപ്പിനോട് വിശദീകരണം തേടി വിവരാവകാശ കമ്മിഷണര്‍. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന്റെ കാരണം വിശദീകരിക്കാന്‍ കമ്മിഷണര്‍ വകുപ്പിന് നേരിട്ട് നിര്‍ദേശം നല്‍കുകയായിരുന്നു. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് നല്‍കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ നിയമ സെക്രട്ടറിയോട് കൂടിയാലോചിച്ച ശേഷം റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന നിലപാടിലെത്തുകയായിരുന്നു. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ എ ഹക്കിമാണ് സാംസ്‌കാരിക വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ചൂണ്ടിക്കാട്ടി നടി രഞ്ജിനി അപ്പീല്‍ നല്‍കിയിരുന്നു. അപ്പീലില്‍ ഇടക്കാല ഉത്തരവൊന്നും വന്നിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ തടസമില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചെങ്കിലും നിയമസെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിട്ടേ റിപ്പോര്‍ട്ട് പുറത്തിവിടുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ ഇന്ന് റിപ്പോര്‍ട്ട് പുറത്തുവരില്ല. നിയമതടസങ്ങള്‍ ഇല്ലാതിരുന്നിട്ടും റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ കാലതാമസം നേരിടുന്നത് ഡബ്യുസിസിയില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.


2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതാണ് ഹേമ കമ്മിറ്റി രൂപീകരണത്തിലേക്ക് എത്തിച്ചത്. അതേ വര്‍ഷം ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവില്‍ വന്നു. സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു ആവശ്യം. രണ്ടുവര്‍ഷത്തിനുശേഷം 2019 ഡിസംബര്‍ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. പിന്നീട് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമായി. അനുകൂല തീരുമാനമായിരുന്നില്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വിഷയം കോടതി കയറി. റിപ്പോര്‍ട്ട് പഠിക്കാനുള്ള സാവകാശം വേണമെന്ന് സര്‍ക്കാര്‍ വാദിച്ചു. സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങള്‍ ഉള്ളതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു. വിലക്കപ്പെട്ട വിവരങ്ങള്‍ ഉള്ളതിനാല്‍ ഒരു റിപ്പോര്‍ട്ട് പൂര്‍ണമായും രഹസ്യമായി വെക്കരുതെന്ന് മുന്‍വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0