കണ്ണിന്റെ നിറത്തിൽ പ്രശസ്തയാണ് അമേരിക്കൻ നടി ആഞ്ജലീന ജോളി. നീല നിറത്തിലുള്ള കണ്ണുകളാണ് ആഞ്ജലീനയ്ക്കുള്ളത്. എന്നാൽ ഓസ്കർ വേദികളിലും പല സിനിമകളിലും ആഞ്ജലീനയുടെ കണ്ണിന്റെ നിറം മാറുന്നത് കാണാം. ഒരിക്കൽ ഓസ്കർ വേദിയിലെത്തിയ ആഞ്ജലീനയുടെ കണ്ണിന്റെ നിറം പച്ചയായിരുന്നു ! കാണാൻ ഭംഗിയൊക്കെയാണെങ്കിലും ലെൻസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കണ്ണിനു എട്ടിന്റെ പണി കിട്ടും.
എന്താണ് കോൺടാക്ട് ലെൻസ് ?
പേരു പോലെ തന്നെ കണ്ണിൽ നേരിട്ട്
സ്പർശിക്കുന്ന ലെൻസാണ് ഇവ. കണ്ണിന്റെ കൃഷ്ണമണിയിൽ കോൺടാക്ട് ചെയ്താൽ
മാത്രമാണ് ഇതിലൂടെ നമുക്ക് കാണാൻ കഴിയുക. കണ്ണാടി ഉപയോഗിക്കുന്ന ആർക്കും
അതിനു പകരമായി ലെൻസ് ഉപയോഗിക്കാൻ സാധിക്കും. മൈനസ് 25 മുതൽ 20 വരെ
പവറിലുള്ള ലെൻസുകൾ ഉപയോഗിക്കാം. നേത്രരോഗവിദഗ്ധരെ സന്ദർശിച്ച് ഏത്
പവറിലുള്ള ലെൻസ് വേണമെന്ന് തിരിച്ചറിഞ്ഞതിനു ശേഷമാണ് ഇവ നിർമിക്കുക. പവർ
ഇല്ലാത്ത കോസ്മറ്റിക് ലെൻസുകൾ ഉപയോഗിക്കുന്നതിന് ഇവ ബാധകമല്ല.
ലെൻസ് പല തരം !
ഒരു ദിവസം മാത്രം ഉപയോഗിച്ച് കളയുന്ന ലെൻസ്
മുതൽ ഒരു മാസവും ഒരു വർഷവും ഉപയോഗിക്കാവുന്ന തരത്തിലുള്ള ലെൻസ് ലഭ്യമാണ്.
ഒരു ദിവസം 8–10മണിക്കൂർ വരെ മാത്രമാണ് ഇത് കണ്ണിൽ വയ്ക്കുക. 8
മണിക്കൂറിനിടെ ഇത് ഊരേണ്ട കാര്യമില്ല. ലെൻസ് സൂക്ഷിക്കുന്നതിനായി നൽകുന്ന
കേസിൽ വയ്ക്കുന്നതിനു മുൻപും ഉപയോഗിക്കുന്നതിനു മുൻപും ലെൻസ് സൊലൂഷൻ
ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്. കേസിലും സൊലൂഷൻ നിറച്ചിരിക്കണം. ഇവ
ദിവസേന മാറ്റുകയും വേണം. ഒരു ദിവസത്തേക്ക് മാത്രം ഉപയോഗിക്കാവുന്ന കളേഡ്
ലെൻസുകളും ലഭ്യമാണ്.
ഉറങ്ങല്ലേ, എഴുന്നേൽക്ക് !
ലെൻസ് ഉപയോഗിച്ചാൽ ചെയ്യാൻ പാടില്ലാത്ത ഒട്ടേറെ കാര്യങ്ങളുമുണ്ട്.
∙ ലെൻസ് കണ്ണിൽ ഫിറ്റ് ചെയ്താൽ ഉറങ്ങാൻ പാടില്ല. കണ്ണടച്ച് കുറച്ചു നേരം
ഉറങ്ങിയാൽ കൃഷ്ണമണിയുമായി ചേർന്നിരുന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഊരി എടുക്കാനും പ്രയാസം അനുഭവപ്പെട്ടേക്കാം.
∙ വെള്ളം വീണാലും അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ കുളിക്കുന്നതിനു മുൻപും മുഖം കഴുകുന്നതിനു മുൻപും ഇത് അഴിച്ചു മാറ്റണം.
∙ ഇരുചക്ര വാഹനങ്ങളിലോ കാറ്റ് നേരിട്ട് അടിക്കുന്ന തരത്തിലോ യാത്ര
ചെയ്യരുത്. വളരെ കനം കുറഞ്ഞതായതിനാൽ ഇവ പറന്നു പോകാനുള്ള സാധ്യതയുണ്ട്.
∙ കളിക്കുമ്പോൾ ഉപയോഗിക്കരുത്. പൊടി കയറിയാലും അണുബാധയ്ക്ക് സാധ്യതയുണ്ട്.
ലെൻസിൽ തൊടുന്നതിനു മുൻപ് കൈ നന്നായി കഴുകിയെന്ന് ഉറപ്പാക്കണം.
∙ ലെൻസ് നിലത്തു വീണാൽ അവ വീണ്ടും ഉപയോഗിക്കാൻ പാടില്ല.