വിമാനയാത്രയ്ക്കു പിന്നാലെ ശാരീരിക അസ്വാസ്ഥ്യമുണ്ടോ? കാരണങ്ങൾ പങ്കുവെച്ച് ഡോക്ടർ... #Health_News

 


വിമാനയാത്രയ്ക്ക് പിന്നാലെ ഛർദി, വയറുവേദന തുടങ്ങി പലവിധത്തിലുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവിക്കുന്നവരുണ്ട്. അതിനുപിന്നിലെ കാരണങ്ങളേക്കുറിച്ച് ജയ്പൂരിൽ നിന്നുള്ള ഡോക്ടറായ സുദ്പീതോ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എക്സിലൂടെയാണ്(മുമ്പത്തെ ട്വിറ്റർ) സുദീപ്തോ വിമാനയാത്രയ്ക്ക് പിന്നാലെയുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളുടെ കാരണങ്ങൾ കുറിച്ചിരിക്കുന്നത്.

തലേദിവസം ഫ്ലൈറ്റിൽ യാത്ര ചെയ്തതെന്നും ഇന്ന് വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നുവെന്നും പറഞ്ഞ് ഇടയ്ക്കിടെ തന്റെയടുത്ത് രോ​ഗികളെത്താറുണ്ട്. ഫ്ലൈറ്റിൽ നിന്ന് ഭക്ഷണമെന്തെങ്കിലും കഴിച്ചിരുന്നോ എന്നു ചോദിച്ചാൽ മിക്കപ്പോഴും ഇല്ലെന്നാവും മറുപടി. പിന്നെ മറ്റെന്തായിരിക്കും കാരണം എന്ന് പരിശോധിച്ചപ്പോഴാണ് ശുചിത്വവുമായി ബന്ധപ്പെട്ടതാണ് കാരണമെന്ന് മനസ്സിലായതെന്ന് ഡോ.സുദീപ്തോ പറയുന്നു.

ഫ്ലൈറ്റിലെ സീറ്റുകൾ, ട്രേ ടേബിളുകൾ, ആം റെസ്റ്റുകൾ, സീറ്റ് ബെൽറ്റ് തുടങ്ങിയ പ്രതലങ്ങളൊക്കെ ബാക്ടീരിയ, വൈറസ് തുടങ്ങി നിരവധി രോ​ഗകാരികളുടെ ഉറവിടമായിരിക്കുമെന്നും ഡോ.സുദീപ്തോ കുറിക്കുന്നു. ഇവയാകാം പല ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നത്. ഫ്ലൈറ്റുകളിൽ പലപ്പോഴും ആഴത്തിലുള്ള വൃത്തിയാക്കൽ സാധ്യമാവില്ല. സീറ്റുകളിൽ നനവുണ്ടാവുകയും ബാക്ടീരിയ, വൈറസ് എന്നിവയ്ക്ക് വളരാൻ അനുകൂലമാവുകയും ചെയ്യാം. ഹെഡ്റെസ്റ്റ് ചെയ്യുന്ന ഭാ​ഗത്ത് വിയർപ്പടിയുന്നുണ്ടാവും. ആളുകൾ അടുത്തടുത്ത് ഇരിക്കുന്നതിനാൽ അണുക്കൾ ഒരാളിൽ നിന്ന് പകരാനും എളുപ്പമാവും

അണുക്കൾ ശരീരത്തിലെത്തുന്നത് പ്രതിരോധിക്കാനുള്ള മാർ​ഗത്തേക്കുറിച്ചും സുദീപ്തോ കുറിക്കുന്നുണ്ട്. എല്ലാസമയവും സാനിറ്റൈസർ കൊണ്ടുനടക്കുക എന്നതാണ് അതിൽ പ്രധാനം. ബോർഡിങ് സമയത്തും ഫ്ലൈറ്റിനുള്ളിലും അതിനുശേഷവുമൊക്കെ കൈകൾ സാനിറ്റൈസ് ചെയ്യാം. ബസ്, ട്രെയിൻ യാത്രകളിലും ഇത് പാലിക്കണമെന്ന് ഡോക്ടർ പറയുന്നു. ശുചിമുറി ഉപയോ​ഗിച്ചതിനുശേഷം കൈകൾ വെറുതെ കഴുകിയാൽ മാത്രം പോര, മറിച്ച് സാനിറ്റൈസർ ഉപയോ​ഗിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം പറയുന്നു .

ഹ്രസ്വദൂരയാത്രയ്ക്കിടയിലാണെങ്കിൽ എയർലൈൻ വിഭാ​ഗം നൽകുന്ന വെള്ളമോ, ഭക്ഷണമോ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ദീർഘദൂര യാത്രയാണെങ്കിൽ സീറ്റ്, ഹാൻഡ് റെസ്റ്റ്, ബക്കിൾസ്, ട്രേ ടേബിൾ തുടങ്ങിയ പ്രതലങ്ങൾ അണുവിമുക്തമാക്കണം.

നിരവധിപേരാണ് സുദീപ്തോയുടെ പോസ്റ്റിനു കീഴെ പ്രതികരണങ്ങളറിയിച്ചത്. യാത്ര ചെയ്യുമ്പോഴുള്ള അമിതമായ ഉത്കണ്ഠയും വയറ് അസ്വസ്ഥമാക്കാമെന്ന് ഒരാൾ കുറിച്ചു. വിമാനയാത്ര കഴിഞ്ഞ് എത്തിയയുടൻ കുളിച്ചുവൃത്തിയാവുക എന്നതാണ് പ്രധാനമെന്ന് മറ്റൊരാൾ കുറിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0