തന്റെ സിനിമയായ 2018 -ന്റെ ലൊക്കേഷനിൽ വച്ച് ജൂനിയർ ആർട്ടിസ്റ്റിന് മോശം അനുഭവം ഉണ്ടായെന്ന് സംവിധായകൻ ജൂഡ് ആൻറണി.ഒരു വലിയ നടൻ ജൂനിയർ ആർട്ടിസ്റ്റായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തൽ.അദ്ദേഹം വലിയൊരു നടനായിരുന്നുവെന്നും പടത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നുവെന്നും ജൂഡ് ആൻറണി പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആ നടനെ മാറ്റി പകരം മറ്റൊരാളെ വെച്ചാണ് സിനിമ പൂർത്തിയാക്കിയതെന്നും ജൂഡ് ആൻറണി വ്യക്തമാക്കി. ആരോപണ വിധേയരുടെ പേരുകൾ പുറത്തുവരണം. കാടടച്ച് വെടി വയ്ക്കരുത്. തെളിവുകൾ ഉണ്ടെങ്കിൽ അതും പുറത്തുവരണമെന്നും തെറ്റ് ചെയ്തവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും ജൂഡ് ആൻറണി ആവശ്യപ്പെട്ടു.
സിനിമ മേഖലയിലും ലഹരി ഉപയോഗമുണ്ട്. ശക്തമായ അന്വേഷണം വേണം. കേവലം ഒരു വിഷയത്തിൽ മാത്രം ചർച്ച ഒതുങ്ങി പോകരുത്. താൻ അഭിനയിച്ച സിനിമയിൽ നായകന് വേണ്ടി മണിക്കൂറുകളോളം കാത്തിരുന്നു. ഡയറക്ടറുടെ നിർദേശമനുസരിച്ച് താൻ എട്ടുമണിക്ക് സെറ്റിൽ എത്തിയിരുന്നു. എന്നാൽ നായകൻ എത്തിയത് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ്. വൈകി എത്തിയിട്ടും അദ്ദേഹത്തിൻറെ സീൻ ആദ്യം എടുത്തു തീർക്കാൻ ശ്രമിച്ചതിൽ താൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇയാൾ വീണ്ടും കാശ് ആവശ്യപ്പെട്ടതായി നിർമ്മാതാവും പരാതി പറഞ്ഞുവെന്നും ജൂഡ് ആൻറണി പറഞ്ഞു.
അതേസമയം ആരോപണങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ സർക്കാർ അന്വേഷണ സംഘത്തെ
പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ പ്രത്യേക
സംഘത്തെ നിയമിച്ചതായി അറിയിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച
നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഏഴംഗ സംഘത്തിനാണ് അന്വേഷണ
ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം
വഹിക്കും. എസ് അജിത ബീഗം, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ, മെറിന്‍ ജോസഫ്,
വി അജിത്ത്, എസ് മധുസൂദനന്‍ എന്നിവരും സംഘത്തിലുണ്ട്. ആരോപണം ഉന്നയിച്ചവർ
പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും.