'പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളി; മുങ്ങൽ വിദഗ്ധർ ലോറിയുടെ സ്ഥാനം ഉറപ്പിക്കും'; ഡിഫൻസ് PRO... #Arjun_Missing

 

 


ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിന് പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളിയാകുമെന്ന് ഡിഫൻസ് പിആർഒ കമാൻഡർ അതുൽ പിള്ള. ഒഴുക്ക് കുറഞ്ഞാൽ ഉടൻ നാവികസേനയുടെ മുങ്ങൽവിദഗ്ധർ അടിത്തട്ടിലേക്ക് ഡൈവ് ചെയ്യുമെന്ന് അതുൽ പിള്ള ട്വന്റിഫോറിനോട് പറഞ്ഞു. മുങ്ങൽ വിദഗ്ധർ ഡൈവ് ചെയ്ത് ലോറിയുടെ സ്ഥാനം ഉറപ്പിക്കും. തിരച്ചിലിനുള്ള ഒരുക്കങ്ങൾ മേഖലയിൽ പുരോഗമിക്കുകയാണെന്ന് അതുൽ പിള്ള വ്യക്തമാക്കി.

അപകട സ്ഥലത്തേക്ക് എല്ലാ സജ്ജീകരണങ്ങളോടെയാണ് ഡൈവർമാർ തിരിച്ചരിക്കുന്നതെന്ന് അതുൽ പറഞ്ഞു. എമർജൻസ് റെസ്‌പോൺസ് സംഘം കർവാർ നേവൽ ബേസിലുണ്ട്. നേവിയുമായി സംയുക്തമായി തിരച്ചിൽ നടക്കുന്നത്. സാഹചര്യം അനുകൂലമാകും എങ്കിൽ ഡൈവർമാർ ദൗത്യം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുഴയിലെ കുത്തൊഴുക്ക് മാത്രമാണ് ഇപ്പോൾ‌ പ്രതിസന്ധിയുണ്ടാക്കുന്നത്. സോണാർ സി​ഗ്നൽ ലഭിച്ച കേന്ദ്രത്തിൽ ലോറി ഉണ്ടെന്ന് ഉറപ്പിക്കാനാണ് ഡൈവർമാർ പരിശോധന നടത്തുന്നത്.

 അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മൺകൂനക്കും ഇടയിലായാണ് ലോറിയുള്ളത്. അർജുൻ ക്യാബിനിലുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യപരിഗണ.

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0